ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ യുവതിക്ക് കോവിഡ്

വിദേശത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതിന്റെ ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോള്‍ യുവതിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിയിപ്പ്. ഇതോടെ, നഗരസഭയിലെ 4 ജീവനക്കാരെ ക്വാറന്റീനിലാക്കി. ഇവര്‍ താമസിക്കുന്ന പുത്തൂര്‍ നോര്‍ത്ത് വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.

ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞുള്ള യുവതി 13നാണ് കുവൈത്തില്‍ നിന്നെത്തിയത്. ഗര്‍ഭിണിയായതിനാല്‍ വീടിനു മുകളിലായിരുന്നു ക്വാറന്റീന്‍. 25ന് സാംപിള്‍ പരിശോധനയ്ക്ക് നല്‍കി. ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടെങ്കിലും ഫലം വന്നില്ലെന്നാണ് അറിയിപ്പു ലഭിച്ചത്. രോഗമുള്ളതായി അറിയിപ്പു ലഭിക്കാത്തതിനാല്‍ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരുടെ പിതാവ് സര്‍ട്ടിഫിക്കറ്റിനായി നഗരസഭയെ സമീപിച്ചു.

മകളുമായെത്തണമെന്ന് ഓഫിസില്‍ നിന്നു നിര്‍ദേശിച്ചതോടെ അവരെയും കൂട്ടി വെള്ളിയാഴ്ച വീണ്ടും നഗരസഭയിലെത്തി മടങ്ങുമ്പോഴാണ് പോസിറ്റീവ് ആണെന്നും ജില്ലാ ആശുപത്രിയില്‍ എത്തണമെന്നും ഫോണ്‍ സന്ദേശം ലഭിച്ചത്. ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കൃത്യസമയത്തു ഫലം അറിയാത്തതിനാലാണ് 14 ദിവസത്തിനു ശേഷം സര്‍ട്ടിഫിക്കറ്റിനായി നഗരസഭാ ഓഫിസില്‍ പോയതെന്നു യുവതി പറയുന്നു.

SHARE