കുല്‍ഭൂഷണ്‍ ജാദവിന് ഇനി നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാകിസ്ഥാന്‍

ഇസ്ലാമബാദ്: കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം നല്‍കില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍. പാകിസ്ഥാന്‍ വിദേശകര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിയുകയാണ്. പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

അന്താരാഷ്ട്ര നീതി ന്യായ കോടതിയുടെയും വിയന്ന കോണ്‍വന്‍ഷന്റെയും ഉത്തരവ് പ്രകാരമാണ് ആദ്യ തവണ കുല്‍ഭൂഷണ് നയതന്ത്ര സഹായം അനുവദിച്ചത്. തുടര്‍ന്ന്, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഗൗരവ് അലുവാലിയ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണെ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞനും കുല്‍ഭൂഷണും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാക് പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയുടെ പ്രതിഷേധം മറികടന്നായിരുന്നു പാകിസ്ഥാന്റെ ഇടപെടല്‍.

ചാരനാണെന്ന സംശയത്തില്‍ 2016 മാര്‍ച്ച് 3 നാണ് കുല്‍ഭൂഷണെ പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ജോലിയുടെ ഭാഗമായി ഇറാനിലേക്ക് പോയ കുല്‍ഭൂഷണെ പാകിസ്ഥാന്‍ തട്ടിക്കൊണ്ടു പോയെന്നാണ് ഇന്ത്യയുടെ വാദം. കഴിഞ്ഞ മൂന്ന് വര്‍ഷമായി കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ പാകിസ്ഥാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യ അന്താരാഷ്ട്ര നീതി ന്യായ കോടതിയെ സമീപിച്ചിരുന്നു.

SHARE