‘ആ ചെരുപ്പിനുള്ളില്‍ എന്തോ ഉണ്ടായിരുന്നു’; കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മറുപടിയുമായി പാക്കിസ്താന്‍

ന്യൂഡല്‍ഹി: പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മറുപടിയുമായി പാക്കിസ്താന്‍ രംഗത്ത്. കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരുപ്പിനുള്ളില്‍ എന്തോ ഉണ്ടായിരുന്നുവെന്ന് പാക് വിദേശകാര്യ വക്താവ് ഡോ മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ചേതനയുടെ ചെരുപ്പ് അഴിച്ചുവാങ്ങിയത് സുരക്ഷാ കാരണങ്ങളാലാണ്. അതിനുള്ളില്‍ സംശയകരമായിഎന്തോ ഉണ്ടായിരുന്നു. കൂടാതെ അവരുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകളും അവര്‍ക്കു നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിനെ പാക്കിസ്താന്‍ അപമാനിക്കുകയായിരുന്നു. ഭാര്യയുടെ താലിയും ചെരുപ്പുമുള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചുവാങ്ങിയെന്നും മറാത്തി ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു.

ഇസ്ലാമാബാദിലെത്തിയ കുടുംബം നാല്‍പ്പത് മിനിറ്റോളം കുല്‍ഭൂഷണുമായി കൂടിക്കാഴ്ച്ച നടത്തി. കനത്ത സുരക്ഷയിലായിരുന്നു കൂടിക്കാഴ്ച്ച. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ ജെ.പി സിങ് കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തിരുന്നു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ഭാര്യയുടെ താലിമാലയും ചെരുപ്പും ഉദ്യോഗസ്ഥര്‍ ഊരിവാങ്ങിയിരുന്നു. എന്നാല്‍ തിരികെ വരുമ്പോള്‍ ചെരുപ്പ് നല്‍കിയില്ലെന്നും ചേതന പറഞ്ഞു. സമ്മര്‍ദ്ദങ്ങളുടെ ഭാഷയാണ് കുല്‍ഭൂഷണിനുണ്ടായിരുന്നതെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.

കുല്‍ഭൂഷന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച്ച റിപ്പോര്‍ട്ട് ചെയ്യാന്‍ പാക്മാധ്യമങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ കുടുംബത്തെ കൂക്കിവിളിച്ചാണ് മാധ്യമങ്ങള്‍ വരവേറ്റതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യയിലെത്തിയ കുടുംബം വിദേശകാര്യമന്ത്രി സുഷമാസ്വരാജുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതേസമയം, കൂടിക്കാഴ്ച്ചക്ക് അനുവദിച്ച പാക്‌സര്‍ക്കാരിന് നന്ദിയുണ്ടെന്ന് കുല്‍ഭൂഷണ്‍ ജാദവ് പറഞ്ഞതായി പാക്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.