വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്; പാകിസ്ഥാനികള്‍ ഇന്ത്യക്കാരേക്കാള്‍ സന്തോഷവാന്മാരെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ സങ്കടം ഓരോ വര്‍ഷം കഴിയും തോറും പെരുകി വരികയാണ്. പാകിസ്താനികളുടെ സന്തോഷവും. സംതൃപ്തരായ രാഷ്ട്രങ്ങളെക്കുറിച്ച് യു.എന്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു നിഗമനം.
156 രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചാണ് യു.എന്‍ പഠനം. ഇതിന്റെ അടിസ്ഥാനത്തില്‍ സംതൃപ്തരായ രാഷ്ട്രങ്ങളുടെ റാങ്ക് രേഖപ്പെടുത്തുന്ന വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും യു.എന്‍ പ്രസിദ്ധപ്പെടുത്താറുണ്ട്. പട്ടിക പ്രകാരം 2016ല്‍ 118ാം സ്ഥാനത്തായിരുന്നു ഇന്ത്യ 2017ല്‍ എത്തിയപ്പോള്‍ നാല് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 122ാം റാങ്കില്‍ എത്തിയിരുന്നു.
എന്നാല്‍ 2018ലെ റിപ്പോര്‍ട്ട് പ്രകാരം 11 റാങ്ക് പിന്നോട്ട് പോയ ഇന്ത്യ നിലവില്‍ 133ാം റാങ്കിലാണുള്ളത്. എന്നാല്‍ ഭീകരവാദ ഭീഷണിയും ഇടക്കിടെയുണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പാകിസ്താന്‍ പട്ടികയില്‍ ഏറെ മുന്നിലാണ്.
2017ലെ പട്ടിക പ്രകാരം തന്നെ 80ാം റാങ്കുമായി പാകിസ്താന്‍ ഇന്ത്യക്ക് മുന്നിലായിരുന്നു. 2018ലെ പട്ടിക പ്രകാരം അഞ്ചു സ്ഥാനം മെച്ചപ്പെടുത്തിയ പാകിസ്താന്‍ 75ാം റാങ്കിലെത്തി. പാകിസ്താന്‍ മാത്രമല്ല, മറ്റ് അയല്‍ രാഷ്ട്രങ്ങളും ഇന്ത്യയെ അപേക്ഷിച്ച് സാമൂഹികമായും സാമ്പത്തികമായും സംതൃപ്തരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെല്ലാം പട്ടികയില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്.
ഏകകക്ഷി ഭരണം നിലനില്‍ക്കുന്ന ചൈന വരെ ഇന്ത്യയേക്കാള്‍ മുന്നിലാണ്. ബുധനാഴ്ചയാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് യു.എന്‍ പ്രസിദ്ധപ്പെടുത്തിയത്. പട്ടിക പ്രകാരം ഫിന്‍ലാന്റ് ആണ് ഒന്നാം സ്ഥാനത്ത്.