അബ്ബാസിന് പത്തു വിക്കറ്റ്; ഓസ്‌ട്രേലിയയെ 373 റണ്‍സിനു തോല്‍പ്പിച്ച് പാകിസ്താന്‍

അബുദാബി: പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസിന്റെ പത്തു വിക്കറ്റ് പ്രകടനത്തിന്റെ കരുത്തില്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയെ 373 റണ്‍സിന് തകര്‍ത്ത പാകിസ്താന്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. മത്സരത്തിന്റെ നാലാം ദിനത്തില്‍ കംഗാരുക്കളുടെ ഇന്നിങ്‌സ് 164-ല്‍ അവസാനിപ്പിച്ചാണ് പാകിസ്താന്‍ ചരിത്രവിജയം സ്വന്തമാക്കിയത്.

സ്‌കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്‌സ് – പാകിസ്താന്‍ 282 (ഫഖര്‍ സമാന്‍ 94, സര്‍ഫറാസ് അഹ്മദ് 94. നതാന്‍ ലിയോണ്‍ 4/78). ഓസ്‌ട്രേലിയ 145 (ആരോണ്‍ ഫിഞ്ച് 39. മുഹമ്മദ് അബ്ബാസ് 5/33). രണ്ടാം ഇന്നിങ്‌സ് – പാകിസ്താന്‍: 400 /9 ഡിക്ല. (ബാബര്‍ അസം 99, സര്‍ഫറാസ് അഹ്മദ് 81, ഫഖര്‍ സമാന്‍ 66, അസ്ഹര്‍ അലി 64. നതാന്‍ ലിയോണ്‍ 4/135). ഓസ്‌ട്രേലിയ 164/9 (മാര്‍നസ് ലാബുഷെയ്ന്‍ 43. ഉസ്മാന്‍ ഖവാജ പരിക്കു കാരണം ബാറ്റ് ചെയ്തില്ല. മുഹമ്മദ് അബ്ബാസ് 5/62).

രണ്ട് ഇന്നിങ്‌സിലും അഞ്ചു വീതം വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അബ്ബാസ് മാന്‍ ഓഫ് ദി മാച്ച് ആയും രണ്ട് അര്‍ധ സെഞ്ച്വറികളുമായി പാക് ബാറ്റിങിന്റെ നെടുംതൂണായ ഫഖര്‍ സമാന്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു. അബ്ബാസ് തന്നെയാണ് മാന്‍ ഓഫ് ദി സീരീസ്.

ഒന്നാം ഇന്നിങ്‌സിലെ 137 റണ്‍സ് ലീഡ് സഹിതം ഓസീസിന് ജയിക്കാന്‍ 538 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം മുന്നോട്ടുവെച്ച പാകിസ്താന്‍ വ്യക്തമായ ആധിപത്യത്തോടെയാണ് നാലാം ദിനം തന്നെ കളി കഴിച്ചത്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 47 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയക്ക് മുഹമ്മദ് അബ്ബാസിന്റെ വേഗതക്കും യാസിര്‍ ഷായുടെ സ്പിന്നിനും മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ പുറത്താക്കാന്‍ നാലു ബൗളര്‍മാരെ മാത്രമേ പാകിസ്താന് ഉപയോഗിക്കേണ്ടി വന്നുള്ളൂ.