പാകസ്താനിലെ ട്രെയിനിലെ തീപ്പിടുത്തം; യാത്രക്കാര്‍ പുറത്തേക്ക് ചാടിയത് മരണസംഖ്യ കൂട്ടി

ഇസ്്‌ലാമാബാദ്: പാകിസ്താന്റെ കിഴക്കന്‍ പ്രവിശ്യയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച് 73 പേര്‍ മരിച്ചു. ലാഹോറില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ലിയാഖത്പൂരിനും റങീംയാര്‍ഖാനും ഇടയില്‍ തെസ്ഗാം എക്പ്രസ് ആണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.
യാത്രക്കാരില്‍ ചിലര്‍ കൂടെ കരുതിയിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് തീപടര്‍ന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നും സൂചനയുണ്ട്. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതായും ട്രെയിനില്‍ തീപടരുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിമിഷനേരം കൊണ്ട് ട്രെയിന്‍ ഒന്നാകെ അഗ്നി വിഴുങ്ങുന്നതാണ് കണ്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ലിയാഖത്പൂരിലെ ജില്ലാ ആസ്പത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റവരെ ഇവിടെനിന്ന് ഭവല്‍പൂരിലെ ഭവല്‍ വിക്ടോറിയ ആസ്പത്രിയിലേക്കും മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങളും ജില്ലാ ആസ്പത്രിയി മോര്‍ച്ചറിയിലും വിക്ടോറിയ ആസ്പത്രി മോര്‍ച്ചറിയിലുമായി സൂക്ഷിച്ചിരിക്കുകയാണ്.


പത്തോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സൈനിക ഹെലികോപ്റ്ററും രംഗത്തെത്തിയിരുന്നു.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെ രണ്ട് യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമായതെന്നും പാക് റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. ലാഹോറില്‍ നടക്കുന്ന മതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട തബ്്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയുമെന്ന് മന്ത്രി വ്യക്തമാക്കി. പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് കൂടുതല്‍ പേരും മരിച്ചത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയും ചിലര്‍ മരണത്തിന് കീഴടങ്ങി.
യാത്രക്കാര്‍ ഗ്യാസ് സിലിണ്ടറുകള്‍ കൈവശം വെച്ചത് സുരക്ഷാ പരിശോധനയിലുണ്ടായ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു. വീഴ്ച ഏറ്റെടുക്കുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന സര്‍ക്കാര്‍ വാദം തള്ളി പരിക്കേറ്റ ചിലര്‍ രംഗത്തെത്തി. ബുധനാഴ്ച രാത്രി തന്നെ ട്രെയിനിന്റെ ബോഗികളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെതുടര്‍ന്ന് ഇലക്ട്രിക് വയറുകള്‍ക്ക് തീപിടിച്ച ഗന്ധം അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിക്കു പിന്നാലെ ബോഗികള്‍ ഒന്നാകെ അഗ്നി വിഴുങ്ങുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
അപകടത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റ് ആസ്പത്രികളില്‍ കഴിയുന്നവര്‍ക്ക് സാധ്യമായതില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 15 ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം വീതവും ധനസഹായം നല്‍കുമെന്ന് പാക് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

SHARE