ഇന്ത്യയെ ‘കുറ്റപ്പെടുത്തി’ കുല്‍ഭൂഷണ്‍ യാദവിന്റെ വീഡിയോ; പാകിസ്താന്‍ കെട്ടിച്ചമച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പാകിസ്താനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെച്ചൊല്ലി ഇന്ത്യക്കും പാകിസ്താനുമിടയില്‍ പുതിയ വിവാദം. കഴിഞ്ഞ മാസം അമ്മയും ഭാര്യയും തന്നെ പാകിസ്താനില്‍ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍, പാകിസ്താന്‍ ഗവണ്‍മെന്റിന് നന്ദി പറഞ്ഞും ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയും കുല്‍ഭൂഷണ്‍ ജാദവ് സംസാരിക്കുന്ന വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു. വീഡിയോ കൃത്രിമമാണെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഈ കേസ് പരിഗണിക്കാനിരിക്കെ പാകിസ്താന്‍ കള്ളക്കളി കളിക്കുകയാണെന്ന് വിദേശ കാര്യ മന്ത്രാലയം ആരോപിക്കുന്നു.

ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ച കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ ചാരനാണെന്നാണ് പാകിസ്താന്റെ വാദം. എന്നാല്‍, വിരമിച്ച ശേഷം അദ്ദേഹം സേനയുമായി ഒരു ബന്ധവും പുലര്‍ത്തുന്നില്ലെന്ന് വ്യോമസേന വ്യക്തമാക്കുന്നു. ഇതിന്റെ നിരവധി തെളിവുകളും ഇന്ത്യ പല തവണയായി പുറത്തു വിട്ടിട്ടുണ്ട്.

എന്നാല്‍, പാകിസ്താന്‍ പുറത്തുവിട്ട പുതിയ വീഡിയോയില്‍, താന്‍ വ്യോമസേനയുടെ കമ്മീഷന്‍ഡ് ഓഫീസര്‍ ആണെന്ന് ജാദവ് പറയുന്നുണ്ട്. ഇക്കാര്യം സര്‍ക്കാറിനയും ഇന്ത്യന്‍ ജനതയെയും വ്യോമസേനയെയും അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തന്നെ കണ്ടു മടങ്ങിയ ഉടനെ അമ്മയെയും ഭാര്യയെയും അവരെ അനുഗമിച്ചിരുന്ന ഇന്ത്യന്‍ പ്രതിനിധി ഭീഷണിപ്പെടുത്തിയതായും ജാദവ് പറയുന്നു. കൂടിക്കാഴ്ചയില്‍ താനും കുടുംബവും സന്തുഷ്ടരായിരുന്നുവെന്നും എന്നാല്‍ പുറത്തു നിന്നയാള്‍ എന്തിനാണ് അവരോട് പരുഷമായി സംസാരിച്ചത് എന്നറിയില്ലെന്നും ജാദവ് പറയുന്നു.

അതേസമയം, ജാദവും കുടുംബവും തമ്മില്‍ പാകിസ്താന്‍ ഒരുക്കിയ ‘കൂടിക്കാഴ്ച’ അപഹാസ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കുടുംബത്തെ വിളിച്ചു വരുത്തി അപമാനിക്കുകയാണുണ്ടായതെന്നും ഇക്കാര്യം അന്താരാഷ്ട്ര വേദികളില്‍ ഉന്നയിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പുതിയ വീഡിയോ കെട്ടിച്ചമച്ചതാണെന്നും അതില്‍ അത്ഭുതമില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത്തരം പ്രചാര വേലകള്‍ കൊണ്ട് കാര്യമൊന്നുമില്ലെന്ന് പാകിസ്താന്‍ മനസ്സിലാക്കണമെന്നും അന്താരാഷ്ട്ര നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അവര്‍ തയ്യാറാവണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.