കുല്‍ഭൂഷന്‍ വിവാദത്തിനിടെ; 145 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയച്ച് പാകിസ്താന്‍

ഇസ്‌ലാമാബാദ്: പാക്കിസ്താന്റെ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയത്തില്‍ ഇന്ത്യ-പാക് വാക്‌പോര് തുടരുന്നതിനിടെ 145 ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ വിട്ടയച്ചു പാകിസ്താന്‍. കറാച്ചിയിലെ മാലിര്‍ ജയിലില്‍ തടവിലായിരുന്ന 145 മത്സ്യ തൊഴിലാളികളെയാണ് പാകിസ്താന്‍ വിട്ടയച്ചത്. ഇന്നലെയാണ് മത്സ്യ തൊഴിലാളികളെ വിട്ടയച്ചുകൊണ്ടുള്ള പാക് നടപടിയുണ്ടായത്.

അതേ സമയം 140ഓളം പേര്‍ ഇപ്പോഴും പാക് ജയിലില്‍ ദുരിതമനുഭവിക്കുന്നതായാണ് റിപ്പോര്‍ട്ട്. വിട്ടയക്കുന്നതിനു മുന്‍പ് നടന്ന ചടങ്ങില്‍ മോചിപ്പിക്കപ്പെട്ട തൊഴിലാളികള്‍ക്ക് ഇഥി ഫൗണ്ടേഷന്‍ തലവന്‍ ഫൈസല്‍ ഇഥി പൈസയും മറ്റ് സമ്മാനങ്ങളും നല്‍കി. നിലവില്‍ തടവില്‍ കഴിയുന്ന ബാക്കിയുള്ള 140പേരുടെ കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് മത്സ്യ തൊഴിലാളികളെ കറാച്ചി കന്റോണ്‍മെന്റ് റെയില്‍വേസ്‌റ്റേഷനില്‍ എത്തിച്ചത്. ട്രെയ്‌നില്‍ ലാഹോറിലെത്തിച്ച ശേഷം ഇവരെ വാഗാ അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ അതോറിറ്റിക്ക് കൈമാറി.

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബാംഗങ്ങളോട് മനുഷ്യത്വരഹിതമായാണ് പാകിസ്താന്‍ പെരുമാറിയതെന്ന് സുഷമാ സ്വരാജ് കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങളെ മോചിപ്പിക്കുന്നതിന് പാകിസ്താന്റെ ഭാഗത്തു നിന്നും നല്ല സമീപനമാണുണ്ടായതെന്നും ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാക് പൗരന്മാരെ മോചിപ്പിക്കുന്നതിനായി ഇന്ത്യന്‍ അതോറിറ്റിയോട് സംസാരിക്കുമെന്നും മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അദ്ദേഹത്തിന്റെ ഭാര്യയുടെ ആഭരണങ്ങളും മറ്റും ജയില്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം അഴിപ്പിച്ച നടപടിയില്‍ ഇന്ത്യന്‍ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കേയാണ് പാകിസ്താന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിച്ചത്. വര്‍ഷങ്ങളായി അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് നൂറുകണക്കിനാളുകളാണ് ഇരു രാജ്യങ്ങളിലുമായി അറസ്റ്റിലാവുന്നത്.