പ്രതിഷേധ ചൂളയില്‍ ലാഹോര്‍; നൂറ്റമ്പതോളം പേര്‍ക്ക് പരിക്ക്: ടിവി ചാനലുകള്‍ക്കു വിലക്ക്

Islamabad : Protesters hurls back a tear gas shell fired by police during a clash in Islamabad, Pakistan, Saturday, Nov. 25, 2017. Pakistani police have launched an operation to clear an intersection linking capital Islamabad with the garrison city of Rawalpindi where an Islamist group's supporters have camped out for the last 20 days. AP/PTI(AP11_25_2017_000028B)

ലാഹോര്‍: പ്രതിഷേധാഗ്നിയില്‍ ലാഹോറില്‍ അക്രമം. ഒരാള്‍ കൊല്ലപ്പെട്ടു. നൂറ്റമ്പതോളം പേര്‍ക്ക് പരിക്ക്. അക്രമം അടിച്ചമര്‍ത്താന്‍ സൈന്യം ഇറങ്ങിയതോടെ സംഘര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. സ്വകാര്യ ചാനല്‍ അടക്കം സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഗതാഗതം തടസപ്പെട്ടതും വാര്‍ത്താമാധ്യമങ്ങള്‍ക്ക് വിലക്കു വീണതോടെയും ലാഹോര്‍ ഒറ്റപ്പെട്ടു.

സര്‍ക്കാരിനെതിരെ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസം കൂടുതല്‍ രൂക്ഷമാകുകയായിരുന്നു. സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് ആക്റ്റില്‍ വരുത്തിയ മാറ്റങ്ങളാണ് പാക് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായത്. സത്യപ്രതിജ്ഞ ചടങ്ങില്‍ വിശ്വാസം വെളിപ്പെടുത്തുന്നതു സംബന്ധിച്ച അടിച്ചേല്‍പ്പിക്കലാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോപിച്ചാണ് തീവ്രപക്ഷ പാര്‍ട്ടിക്കാരുടെ പ്രതിഷേധം. തെഹ്രീക് ഐ ഖതം ഐ നബുവത്ത്, തെഹ്രിക് ഐ ലാബിയക് യാ റസൂല്‍ അല്ലാദ്, സുന്നി തെഹ്രീക് പാകിസ്താന്‍ എന്നീ സംഘനകളാണ് സമര രംഗത്തുള്ളത്. നിയമന്ത്രി സാഹിദ് ഹമീദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ഇസ്‌ലാമാബാദ് എക്‌സപ്രസ് ഹൈവെ ഉപരോധിക്കുകയാണ്.

ഉപരോധം തുടര്‍ന്നതോടെ കഴിഞ്ഞ ദിവസം ഇസ്‌ലാമാബാദ് ഹൈക്കോടതി പ്രശ്‌നത്തില്‍ ഇടപെട്ടു. 24 മണിക്കൂറിനുള്ളില്‍ പ്രതിഷേധക്കാരെ നീക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. എന്നാല്‍, സര്‍ക്കാര്‍ മൗനം പാലിച്ചതോടെ ആഭ്യന്തര മന്ത്രി അഹ്‌സന്‍ ഇഖ്ബാലിനെതിരെ കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങി. ഇതോടെ ബലപ്രയോഗത്തിന് സര്‍ക്കാര്‍ മുതിര്‍ന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ പൊലീസും സൈന്യവും രംഗത്തെത്തിയതോടെ ലാഹോറിലെ തെരുവുകള്‍ യുദ്ധസമാനമായി.

രണ്ടായിരത്തോളം സമരക്കാരെ നേരിടാന്‍ എണ്ണായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. ഫൈസാബാദില്‍ കഴിഞ്ഞ 20 ദിവസമായി കുത്തിയിരുപ്പു സമരം നടത്തുകയായിരുന്ന പ്രതിഷേധക്കാരെ ഇന്നലെ രാവിലെ പൊലീസും അര്‍ദ്ധസൈനിക വിഭാഗവും ഒഴിവാക്കുന്നതിനിടെ പ്രശ്‌നം രൂക്ഷമാകുകയായിരുന്നു. ഇത് ലാഹോറിലേക്കും പടര്‍ന്നു. ലാഹോറിനു പിന്നാലെ തലസ്ഥാനമായ ഇസ്‌ലാമാബാദിലും സംഘര്‍ഷം പൊട്ടിപുറപ്പെട്ടു. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. എന്നാല്‍ പൊലീസ് വാഹനങ്ങള്‍ക്കു തീയിട്ടും കല്ലേറു നടത്തിയും പ്രതിഷേധക്കാര്‍ രംഗത്തുണ്ട്. സ്വകാര്യ ടെലിവിഷന്‍ ചാനലുകളെ പ്രതിഷേധ രംഗങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നു സര്‍ക്കാര്‍ വിലക്കി. ഫെയ്‌സ്ബുക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി.

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയിലേക്കുള്ള എല്ലാ റോഡുകളും അടച്ചതായി പൊലീസ് അറിയിച്ചു. വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ ക്യാമ്പ് ചെയ്യുന്നത്. റോഡ് മാര്‍ഗം യാത്ര ഒഴിവാക്കണമെന്ന് ഷെരീഫിനോടും ബന്ധുക്കളോടും സൈന്യം ആവശ്യപ്പെട്ടു. ഇതിനിടെ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയും നവാസ് ഷെരീഫും കൂടികാഴ്ച നടത്തി. തുടര്‍ന്നാണ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ഷഹ്ദാരയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. നൂറുകണക്കിന് പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞതോടെ സൈന്യം രംഗത്തെത്തി. ഇതോടെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു. പ്രതിഷേധം ശക്തമാകുകയും പ്രദേശം അക്രമത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ ലാഹോര്‍ ഒറ്റപ്പെട്ടു. ലാഹോറിലെ റോഡുകളും റെയില്‍വെ പാതകളും പ്രതിഷേധക്കാര്‍ അടച്ചതോടെ പലരും കുടുങ്ങി കിടക്കുകയാണ്. മാധ്യമങ്ങള്‍ക്കും സമൂഹ മാധ്യമങ്ങള്‍ക്കും സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറം ലോകത്തറിയില്ല.

SHARE