ഷാഹിദ് അഫ്രിദിക്ക് കോവിഡ്; സ്ഥിരീകരിച്ച് താരം

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ താരവുമായി ഷാഹിദ് അഫ്രിദിക്ക് കോവിഡ്-19. ട്വീറ്ററിലൂടെ താരം തന്നെയാണ് താന്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.

താരത്തിന് കോവിഡാണെന്ന ചില വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ട്വീറ്റിലൂടെയുള്ള സ്ഥിരീകരണം.

‘വ്യാഴാഴ്ച മുതല്‍ എനിക്ക് സുഖമില്ലായ്മ തോന്നിയിരുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുമുണ്ടായിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഞാന്‍ കോവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞു. വേഗം സുഖം പ്രാപിക്കാന്‍ എനിക്ക് നിങ്ങളുടെ പ്രാര്‍ഥന വേണം’, 45 കാരന്‍ ട്വീറ്റ് ചെയ്തു.

1996 ല്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച അഫ്രീദി 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ടി 20 യും കളിച്ചിട്ടുണ്ട്. ഓപ്പണിംഗ് ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച അഫ്രീദി തന്റെ കരിയര്‍ തുടരുന്നതിനിടെ മികച്ച ഓള്‍റൗണ്ടറായും വളര്‍ന്നു. വേഗതയേറിയ സെഞ്ച്വറിക്ക് ഉടമയായിരുന്നു താരം. 2014 ല്‍ ന്യൂസിലാന്റിലെ കോറി ആന്‍ഡേഴ്‌സണ്‍ അത് തകര്‍ക്കുന്നത് വരെ. നിലവില്‍ ഏറ്റവും വേഗതയേറിയ ഏകദിന സെഞ്ച്വറി എന്ന റെക്കോര്‍ഡ് 2015 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 31 പന്തില്‍ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സിനാണ്.
ലെഗ്-സ്പിന്‍ ബൗളറായ അഫ്രീദി ടെസ്റ്റുകളില്‍ നിന്ന് 48 വിക്കറ്റുകളും ഏകദിനങ്ങളില്‍ 395 ഉം ടി 20 യില്‍ 98 നേടി. ടെസ്റ്റ്, ഏകദിന, ടി 20 മത്സരങ്ങളില്‍ യഥാക്രമം 1716, 8064, 1416 റണ്‍സ് നേടി.

അതേസമയം, പാക്കിസ്ഥാനില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതായാണ് ആരോഗ്യ മന്ത്രാലയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 6,472 പുതിയ അണുബാധകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെ പാകിസ്ഥാനിലെ കോവിഡ് -19 കേസുകള്‍ എണ്ണം 132,405 ആയി. ആകെ മരണസംഖ്യ 2,551 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെഗ് സ്പിന്നര്‍ റിയാസ് ഷെയ്ക്ക് ഈ മാസം ആദ്യം കറാച്ചിയില്‍ അന്തരിച്ചതോടെ രണ്ട് പാക്കിസ്ഥാന്‍ ഫസ്റ്റ് ക്ലാസ് താരങ്ങളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് 29,850 പരിശോധനകള്‍ നടത്തിയതായി ദേശീയ ആരോഗ്യ സേവന മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നടത്തിയ കോവിഡ് -19 ടെസ്റ്റുകളുടെ എണ്ണം 839,019 ആയി. പാക്കിസ്ഥാനിലുടനീളം ഇതുവരെ 50,056 പേര്‍ സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.