പാകിസ്ഥാനില്‍ വിമാനം തകര്‍ന്നു വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


ഇസ്ലാമാബാദ്: പാകിസ്താനില്‍ വെള്ളിയാഴ്ച വിമാനം തകര്‍ന്നുവീണതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പി.ഐ.എ.) എയര്‍ബസ് എ-320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിലാണ് തകര്‍ന്നുവീണത്.

വിമാനം കെട്ടിടങ്ങളിലേക്ക് വന്നുപതിച്ചയുടന്‍ ഉഗ്രസ്ഫോടനമുണ്ടായി. സെക്കന്‍ഡുകള്‍ക്കകം വായുവില്‍ കറുത്ത പുക ഉയര്‍ന്നു. സമീപത്തെ ഒരു വീടിന്റെ മേല്‍ക്കൂരയില്‍ ഘടിപ്പിച്ചിട്ടുള്ള സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ലഹോറില്‍നിന്ന് കറാച്ചിയിലേക്കുപോയ പി.കെ. 803 വിമാനമാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അപകടത്തില്‍പ്പെട്ടത്. മാലിറിലെ ജിന്നഗാര്‍ഡന്‍ പ്രദേശത്തെ മോഡല്‍ കോളനിയിലാണ് വീണത്.

ജീവനക്കാരടക്കം 99 പേര്‍ വിമാനത്തിലുണ്ടായിരുന്നു. 97 പേര്‍ മരിച്ചു. രണ്ടുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ആകെ പതിനെട്ടു പേരെയാണ് തിരിച്ചറിഞ്ഞത്. വിമാനം തകര്‍ന്ന് വീണത് വീടുകള്‍ക്ക് മുകളിലായതിനാല്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരുടേതാണോ പ്രദേശവാസികളുടേതാണോ എന്ന് നിര്‍ണ്ണയിക്കേണ്ടതുണ്ടെന്ന് പാക് സിന്ധ് പ്രവിശ്യാ ആരോഗ്യ മന്ത്രി പറഞ്ഞു. മൂന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ഒരു തവണ അനുമതി റദ്ദാക്കിയതിനെ തുടര്‍ന്ന് രണ്ടാം തവണ ലാന്‍ഡിങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നാണ് സൂചന.വിമാന ട്രാക്കിംഗ് വെബ്‌സൈറ്റില്‍ റെക്കോര്‍ഡുചെയ്ത തകര്‍ന്ന് വീഴുന്നതിന് മുമ്പുള്ള അവസാന നിമിഷങ്ങളില്‍, പൈലറ്റുമാരില്‍ ഒരാള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറോട് രണ്ട് എഞ്ചിനുകളും നഷ്ടപ്പെട്ടതായി പറയുന്നത് കേള്‍ക്കാം.

അപകടത്തെത്തുടര്‍ന്ന് കറാച്ചി വിമാനത്താവളം അടച്ചു. കോവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുനല്‍കി ദിവസങ്ങള്‍ക്കുമുന്പാണ് പാകിസ്താന്‍ വിമാനസര്‍വീസിന് അനുമതിനല്‍കിയത്.

SHARE