രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നുണ പറയുന്ന പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്ന് മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ പിന്തുണ തേടിയെന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ശക്തമായ മറുപടി. മോദിയുടെ പ്രസ്താവന പച്ചക്കള്ളവും വ്യാജനിര്‍മിതിയുമാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നുണ പറയുന്ന നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു. . ഇപ്പോള്‍ സസ്‌പെന്‍ഷനിലിക്കുന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉള്‍പ്പെടെ പേരുവിവരങ്ങളും ചേര്‍ത്താണു പ്രസ്താവന

‘താന്‍ പുറത്തു വിട്ട പട്ടികയിലെ ഒരാളു പോലും ദേശവിരുദ്ധ പ്രവൃത്തികള്‍ നടത്തിയതിനു യാതൊരു തെളിവുമില്ല. ഇത്രയും ഉന്നതസ്ഥാനത്തിരിക്കുന്ന സാഹചര്യത്തില്‍ അല്‍പമെങ്കിലും പക്വത കാണിക്കാന്‍ പ്രധാനമന്ത്രി തയാറാകണം. മുന്‍ പ്രധാനമന്ത്രിയുടെയും സേനാ തലവന്റെയും ഉള്‍പ്പെടെ ഓഫിസിനു നേരെ കരിവാരിത്തേക്കുന്ന അപകടകരമായ നടപടിയാണ് മോദി പിന്തുടരുന്നത്. ഭരണഘടനാപരമായി നിലനില്‍ക്കുന്ന സ്ഥാപനങ്ങളെ കളങ്കപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തിന്റെ തുടര്‍ച്ചയാണു പുതിയ ആരോപണങ്ങള്‍. ഭീകരാവദത്തോട് എല്ലാത്തരം വിട്ടുവീഴ്ചകളും ചെയ്തു പോരാടുന്ന ചരിത്രമുള്ള ബിജെപി ദേശീയതയെക്കുറിച്ച് കോണ്‍ഗ്രസിനെ ഗിരിപ്രഭാഷണങ്ങള്‍ നടത്തി പഠിപ്പിക്കേണ്ട’ മന്‍മോഹന്‍ സിങ് പറഞ്ഞു.

ഉദംപുറിലും ഗുര്‍ദാസ്പുറിലും ഭീകരാക്രമണം നടത്തിയതിനു പിന്നാലെ ആരും ക്ഷണിക്കാതെ പാക്കിസ്ഥാനിലേക്കു പോയ കാര്യം മോദി മറന്നോ? പാക്കിസ്ഥാന്റെ ‘കാര്‍മികത്വ’ത്തില്‍ നടത്തിയതെന്ന് ഉറപ്പുള്ള ഒരു ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാക്ക് ചാരസംഘടനയുടെ പ്രതിനിധിയെ പഠാന്‍കോട്ട് വ്യോമസേന താവളത്തിലേക്ക് ക്ഷണിച്ചതിന്റെ കാരണവും മോദി രാജ്യത്തോടു വ്യക്തമാക്കണം’ മന്‍മോഹന്‍ ആവശ്യപ്പെട്ടു.

‘കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ഞാനെന്താണ് രാജ്യത്തിനു വേണ്ടി ചെയ്തതെന്ന കാര്യം ഇന്ത്യക്കാര്‍ക്കെല്ലാം അറിയാം. നഷ്ടപ്പെട്ട രാഷ്ട്രീയ പ്രതാപം വീണ്ടെടുക്കാന്‍ ആരും, മോദി ഉള്‍പ്പെടെ, അതിനെ ചോദ്യം ചെയ്യാന്‍ വരേണ്ടതില്ല. മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ നടന്ന അത്താഴവിരുന്നില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിനെപ്പറ്റി ഒരാളോടു പോലും ഞാന്‍ സംസാരിച്ചിട്ടില്ല. അവിടെയുള്ളവരും അങ്ങനെത്തന്നെയായിരുന്നു. ഇന്ത്യ പാക്ക് നയതന്ത്ര ബന്ധത്തെപ്പറ്റിയായിരുന്നു സംസാരമെല്ലാം. മോദിയുടെ നുണകളെയെല്ലാം തള്ളിക്കളയുകയാണ് മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്സ് നേതാവ് മണി ശങ്കര്‍ അയ്യറുടെ വീട്ടില്‍ ഒരാഴ്ച മുമ്പ് നടന്ന സല്‍ക്കാരത്തില്‍ പാക് സ്ഥാനപതി, പാക് മുന്‍ വിദേശകാര്യമന്ത്രി എന്നിവര്‍ സംബന്ധിച്ചെന്നാണ് ആരോപണം. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുന്‍ ഉപരാഷട്രപതി ഹാമിദ് അന്‍സാരി എന്നിവരും പാക് നേതാക്കള്‍ക്കൊപ്പം ഈ പരിപാടിയില്‍ പങ്കെടുത്തെന്നും ഇതിന് ശേഷമാണ് മണിശങ്കര്‍ അയ്യര്‍ തന്നെ താഴെ തരക്കാരന്‍ എന്ന് വിശേഷിപ്പിച്ചെതെന്നും മോദി ഇന്നലെ ഗുജറാത്തില്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്നതിനൊപ്പം പാകിസ്ഥാന്‍ ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന് കൂടി ആരോപിച്ച സാഹചര്യത്തിലാണ് മോദിക്കെതിരെ രൂക്ഷപ്രതികരണവുമായി മന്‍മോഹന്‍സ്ങ് രംഗത്തെത്തിയത്.