‘ഞങ്ങള്‍ക്ക് ഹോളിയില്ല’; ഡല്‍ഹിയിലെ മുസ്‌ലീംങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന് പാക് ഹിന്ദുക്കള്‍

കറാച്ചി: ഹോളി ആഘോഷിക്കില്ലെന്നും ഡല്‍ഹിയില്‍ വംശഹത്യക്കിരയായ മുസ്‌ലീം സഹോദരങ്ങളോട് ഐക്യപ്പെടുന്നുവെന്നും പാകിസ്താനിലെ ഹിന്ദുസമൂഹം. മുസ്ലിംങ്ങളോട് ഐദ്യാര്‍ഢ്യവുമായി ഹിന്ദുസഹോദരന്‍മാര്‍ കറാച്ചിയില്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇത്തവണ ഹോളി ആഘോഷം ലളിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. അറബ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡല്‍ഹിയില്‍ ഞങ്ങളുടെ മുസ്‌ലിം സഹോദരങ്ങള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ വര്‍ഷത്തെ ഹോളി ആഘോഷം മതപരമായ ആഘോഷം മാത്രമായി ചുരുക്കുമെന്നും നിറങ്ങളുണ്ടാകുകയില്ലെന്നും സംഘാടകരിലൊരാളായ പണ്ഡിറ്റ് മുകേഷ് കുമാര്‍ അറിയിച്ചു.

യു.എന്‍ അടക്കമുള്ള ആഗോളസമൂഹത്തോട് മോദി സര്‍ക്കാറിന്റെ ന്യൂനപക്ഷ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണ്. ഇന്ത്യയിലെ ഹിന്ദുസഹോദരങ്ങളോട് ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കാന്‍വേണ്ടി നിലകൊള്ളാന്‍ ആവശ്യപ്പെടുന്നുവെന്നും മുകേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയില്‍ മുസ്ലിംങ്ങളെ മാത്രം തിരഞ്ഞുപിടിച്ചുള്ളതായിരുന്നു ആക്രമണങ്ങള്‍. ഇത് റിപ്പോര്‍ട്ട് ചെയ്ത രണ്ടു വാര്‍ത്താചാനലുകളെ 48 മണിക്കൂര്‍ നേരത്തേക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു. സംഭവം വിവാദമായതോടെയാണ് മണിക്കൂറുകള്‍ക്കു ശേഷം ചാനലുകളുടെ വിലക്ക് നീങ്ങിയത്.

SHARE