പാക് ക്രിക്കറ്റിലെ മൂന്നു താരങ്ങള്‍ക്കു കൂടി കോവിഡ്; ആശങ്ക


പാക് ക്രിക്കറ്റില്‍ പിടിമുറുക്കി കൊവിഡ്. നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന രണ്ട് താരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഓള്‍റൗണ്ടര്‍ ഷദബ് ഖാന്‍, പേസര്‍ ഹാരിസ് റൗഫ് എന്നിവര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷത്തെ അണ്ടര്‍-19 ലോകകപ്പ് കളിച്ച ബാറ്റ്‌സ്മാന്‍ ഹൈദര്‍ അലിക്കുമാണ് രോഗബാധ. വാര്‍ത്താ കുറിപ്പിലൂടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ മുന്‍ താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മൂവരും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ലെന്ന് വാര്‍ത്താ കുറിപ്പില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നു. റാവല്‍പിണ്ടിയില്‍ ഞായറാഴ്ചയാണ് താരങ്ങളുടെ സ്രവപരിശോധന നടത്തിയത്. പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ആണ് പരിശോധന നടത്തിയത്. ഈ താരങ്ങളോട് നിരീക്ഷണത്തില്‍ പോവാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കൊപ്പം ഇമാദ് വാസിം, ഉസ്മാന്‍ ഷിന്‍വാരി എന്നിവര്‍ക്കും പരിശോധന നടത്തിയെങ്കിലും ഇരുവരുടെയും റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നു. ഇരുവരും ഇംഗ്ലണ്ടിലേക്ക് തിരിക്കും.

മുതിര്‍ന്ന താരം ഷൊഐബ് മാലിക്ക്, ബൗളിംഗ് പരിശീലകന്‍ വഖാര്‍ യൂനിസ് എന്നിവരൊഴികെ മറ്റുള്ളവരെല്ലാം പരിശോധനക്ക് വിധേയരായെന്നും വാര്‍ത്താ കുറിപ്പില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നു. ഇവരുടെ റിസല്‍ട്ടുകള്‍ നാളെ വരും.

SHARE