പാകിസ്താനിലെ ആക്ടിവിസ്റ്റുകളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇന്ത്യയെ പരമാര്‍ശിച്ച് ഇസ്ലാമബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ്. കോടതികള്‍ ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഇത് ഇന്ത്യയല്ല പാകിസ്താനാണെന്നുമായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റീസ് അതാര് മിനല്ല വ്യക്തമാക്കിയത്. ഇന്ത്യയെ പരമാര്‍ശിച്ചുള്ള പ്രസ്താവനയിലൂടെ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പാകിസ്താന് പത്രമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്
അവാമി വര്‍ക്കേഴ്സ് പാര്‍ട്ടിയുടെയും ഫസ്തൂന് തഹാഫൂസ് മൂവ്മെന്റിന്റിലെ പ്രവര്‍ത്തകരുടെയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്‍ശം. പാകിസ്താനിലെ പ്രശസ്ത മനുഷ്യാവാകാശ പ്രവര്‍ത്തകനും ഫസ്തൂന് മൂവ്മെന്റിന്റെ തലവനുമായ മന്‍സൂര്‍ ഫസ്തീനിനെ അറസ്റ്റ് ചെയ്തില് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് കേസെടുത്ത് ജയിലിലടച്ചത്. അവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.
പാകിസ്താനിലെ സൈന്യം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് ഫസ്തീനെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചത്. അദ്ദേഹത്തിന് പ്രാദേശിക കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു.
ഇതില്‍ പ്രതിഷേധിച്ച ചിലര്‍ക്കെതിരെയും പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി. പാകിസ്താന് അധോസഭയിലെ അംഗം മോഹ്സീന് ധവാര്‍, അവാമി വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് അമ്മര്‍ റാഷിദ് എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. രാജ്യദ്രോഹം കുറ്റം നീക്കം ചെയ്തെങ്കിലും ഭീകരവിരുദ്ധ നിയമത്തിലെ ചില വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഇതിന് കോടതി വിശദീകരണം തേടിയപ്പോഴാണ് കുറ്റങ്ങള്‍ പിന്‍വലിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആ സമയത്താണ് ജസ്റ്റീസ് ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ചത്.
‘ അഭിപ്രായ സ്വാതന്ത്ര്യത്തെ ജനാധിപത്യ സര്‍ക്കാര്‍ വിലക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഉപാധികള്‍ വെയ്ക്കരുത്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കോടതി സംരക്ഷിക്കും. ഇത് പാകിസ്താനാണ് ഇന്ത്യയല്ല’ ജഡ്ജി പറഞ്ഞു.
അതേസമയം സര്‍ക്കാരിനെതിരെ ആരും ഒന്നും പറയരുതെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍ താരീഖ് മെഹമ്മൂദ് ജഹാഗീര്‍ കോടതിയില്‍ വാദിച്ചത്. വിമര്‍ശനം കൊണ്ട് ദുര്ബലമായിപ്പോകുന്നതല്ല ഭരണകൂടമെന്നായിരുന്നു ഇതിന് ജഡ്ജിയുടെ മറുപടി.