വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു: ഇന്ത്യന്‍ നിയന്ത്രണ രേഖക്കു സമീപം ദുരുഹതയുമായി പാക് ഹെലികോപ്റ്റര്‍

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് നിയന്ത്രണ രേഖക്കു സമീപം പാകിസ്താന്‍ ചോപ്പര്‍ പറത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ കാലത്താണ് നിയന്ത്രണ രേഖയുടെ 300 മീറ്റര്‍ അടുത്തുവരെ പാക് ചോപ്പര്‍ എത്തിയത്. ഇന്ത്യന്‍ സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇരു ഭാഗത്തുനിന്നും പ്രകോപന ശ്രമങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം കോപ്റ്ററുകള്‍ നിയന്ത്രണ രേഖയുടെ ഒരുകിലോമീറ്റര്‍ അകലെ വരെ മാത്രമേ വരാവൂ. യുദ്ധ വിമാനങ്ങള്‍ക്ക് നിയന്ത്രണ രേഖയുടെ പത്തുകിലോമീറ്റര്‍ അകലെ വരെ മാത്രമാണ് പ്രവേശനാനുമതി. ഇത് ലംഘിച്ചാണ് പാക് കോപ്റ്റര്‍ നിയന്ത്രണ രേഖയുടെ 300 മീറ്റര്‍ അടുത്തുവരെ എത്തിയത്. അതേസമയം പാക് ചോപ്പര്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘചിച്ചു കടന്നിട്ടില്ലെന്ന് ഉറപ്പു പറയാനാകുമെന്ന് പൂഞ്ച് സീനിയര്‍ പൊലീസ് സൂപ്രണ്ട പാണ്ഡെ രാജീവ് ഓംപ്രകാശ് പറഞ്ഞു.

ജനുവരി 14നു ശേഷം പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ ലംഘനം രൂക്ഷമായ പശ്ചാത്തലത്തില്‍ പാക് ചോപ്പറിന്റെ സാന്നിധ്യം ദുരൂഹത സൃഷ്ടിക്കുന്നതാണ്. ഇതിനിടെ ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ വീടുകള്‍ കയറി സൈന്യം തെരച്ചില്‍ തുടരുകയാണ്. ബച്ച്‌പോറ, മോച്ച്വ മേഖലകളില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് രഹസ്യ വിവരം ലഭിച്ചിട്ടുള്ളത്