ബംഗളൂരു: പ്രശസ്ത ചിത്രകാരന് യൂസഫ് അറക്കല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് രാവിലെ ഏഴരയോടെ ബംഗളൂരുവിലെ സ്വവസതിയിലായിരുന്നു അന്ത്യം. കേരളത്തില്‍ ജനിച്ച് രാജ്യാന്തര തലത്തില്‍ പ്രശസ്തിയാര്‍ജിച്ച അദ്ദേഹം സമകാലിക രചനയിലാണ് ശ്രദ്ധിയിച്ചിരുന്നത്.
1945ല്‍ തൃശൂരിലെ ചാവക്കാട് ജനിച്ച യൂസഫ് കോഴിക്കോട് അറക്കല്‍ കുടുംബാംഗമാണ്. കര്‍ണാടക ചിത്രകാല പരിഷത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു. മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്ന് ബാല്യത്തില്‍ തന്നെ നാടുവിട്ട യൂസഫ് പരിഷത്ത് കോളജ് ഓഫ് ഫൈന്‍ആര്‍ട്സില്‍ ചേര്‍ന്നതോടെയാണ് കലാലോകത്തെത്തുന്നത്. ഡല്‍ഹി നാഷണല്‍ അക്കാദമി ഓഫ് കമ്മ്യൂണിറ്റി സ്റ്റുഡിയോയില്‍ നിന്ന് ഗ്രാഫിക് പ്രിന്റില്‍ പരിശീലനം നേടി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെങ്കിലും ചിത്രകലയോടുള്ള അടങ്ങാത്ത അഭിനിവേശം ജോലി രാജിവെക്കാന്‍ പ്രേരിപ്പിച്ചു. മനുഷ്യന്റെ വേദനകള്‍ കോര്‍ത്തിണക്കിയ ചിത്രങ്ങളായിരുന്നു മിക്കതും.
മ്യൂറല്‍ ഉള്‍പ്പെടെ ചിത്രരചനയുടെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തെ തേടി കേരളത്തിന്റെ രാജാരവിവര്‍മ്മ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ എത്തിയിട്ടുണ്ട്. ഫ്രാന്‍സിലെ ലോറന്‍സോ ഡി മെസിസി എന്ന വിഖ്യാത പുരസ്കാരവും അടുത്തിടെ അദ്ദേഹത്തിനു ലഭിച്ചു. ഖബറടക്കം വൈകിട്ട് മൂന്നു മണിക്ക് നടക്കും.