ന്യൂഡല്‍ഹി: രാജ്യം 21 ദിവസത്തേക്ക് അടച്ചുപൂട്ടിയതോടെ എവിടേത്തും പോകാനാകാതെ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതസ്ഥിതി പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ പാടുപെടുന്നതായി കാണിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും നല്‍കാന്‍ പൊതുജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം ചെയ്തു. അടച്ചുപൂട്ടലിനെ തുടര്‍ന്ന് വീടുകളിലേക്ക് കിലോ മീറ്ററുകളോളം നടന്നു പോവുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും നല്‍കാനാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്.
‘ഇന്ന് നമ്മുടെ നൂറു കണക്കിന് സഹോദരി സഹോദന്മാര്‍ വിശന്നു വലഞ്ഞ കുടുംബത്തോടൊപ്പം അവരുടെ ഗ്രാമങ്ങളിലേക്ക് നീങ്ങുകയാണ്. അവരുടെ ഈ ദുര്‍ഘടമായ പാതയില്‍ നിങ്ങളില്‍ മതിയായ കഴിവുള്ളവര്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും അഭയവും നല്‍കണം.’ രാഹുല്‍ ട്വീറ്റ് ചെയ്തു. ഈ സഹായം പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍ നിന്നുമുണ്ടാകണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇതോടെ, തൊഴിലാളികള്‍ക്ക് ഭക്ഷവുമായി നിരവധി സന്നദ്ധ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
അതേസമയം, സ്ത്രീകളും കുട്ടികളുമായി വരുന്ന ആയിരകണക്കിന് തൊഴിലാളികളോട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നു സമീപനത്തോട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രൂക്ഷമായി പ്രതികരിച്ചു.
ഒരു രാഷ്ട്രമെന്ന നിലയില്‍ ആയിരക്കണക്കിനുള്ള കുടിയേറ്റ തൊഴിലാളികളുടെ കരുതലിനെ കുറിച്ച് ശ്രദ്ധിക്കാതിരിക്കാന്‍ നമുക്ക് എങ്ങനെ കഴിയും? കിഴക്കന്‍ യുപിയിലേക്കും ബീഹാറിലേക്കും കാല്‍നടയായി പോകുന്ന ആളുകളില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. യൂറോപ്പില്‍ നിന്ന് ആളുകളെ കൊണ്ടുവരാന്‍ നമ്മള്‍ വിമാനങ്ങള്‍ അയച്ചു, എന്നാല്‍ എന്തുകൊണ്ടാണ് ഏറ്റവും ദുര്‍ബലരും ദരിദ്രരുമായ ആളുകളെ കൊണ്ടുപോകാന്‍ ഗതാഗതം സംഘടിപ്പിക്കാത്തത് പ്രിയങ്ക ചോദിച്ചു.
പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മുടെ പൗരന്മാരെ സഹായിക്കേണ്ടത് സര്‍ക്കാരുകളുടെ ധാര്‍മ്മിക കടമയാണ്. ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ ദൈവത്തെയോര്‍ത്ത്, മോദിയും അമിത്ഷായും നിങ്ങളുടെ ശക്തി ഉപയോഗിക്കുക, പ്രിയങ്ക ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പൗരന്മാരോട് പെരുമാറുന്ന രീതി ലജ്ജാകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷിതമായ യാത്രക്കായി സര്‍ക്കാര്‍ ആകസ്മിക പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
‘ജോലിക്ക് പുറത്തുള്ളതും അനിശ്ചിതത്വത്തിലായ ഒരു ഭാവിയെ അഭിമുഖീകരിക്കുന്നതുമായ ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാര്‍ അവരുടെ നാട്ടിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്താന്‍ പാടുപെടുകയാണ്. ഏതൊരു ഇന്ത്യന്‍ പൗരനെയും ഈ രീതിയില്‍ പരിഗണിക്കാന്‍ ഞങ്ങള്‍ അനുവദിച്ചതും സര്‍ക്കാരിന് ആകസ്മികമായ പദ്ധതികളില്ലാത്തതും ലജ്ജാകരമാണ്. ഈ പുറപ്പാടിന് പകരം രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.
മനുഷ്യദുരന്തമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.
ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലായി നില്‍ക്കുന്ന ആയിരക്കണക്കിന് കൂലിത്തൊഴിലാളികളുടെ ചിത്രങ്ങളും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചു.
‘ഡല്‍ഹി, ഗാസിയാബാദ്, ആനന്ദ് വിഹാര്‍ തെരുവുകളില്‍ നടക്കുന്നത് മനുഷ്യ ദുരന്തമാണ്. സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ഗതാഗത മാര്‍ഗങ്ങളില്‍ നിന്നും ഒഴുവാക്കിയിരിക്കിയിരിക്കുകയാണ്. വീട്ടിലേക്ക് മടങ്ങാനായി അവര്‍ നടക്കുകയും ആള്‍റിക്ഷകള്‍ ഓടിക്കുകയും ബസുകളുടെ മേല്‍ക്കൂരയില്‍ ഇരിക്കുകുയുമാണ്്. ഡോണ്‍’ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല, ”പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുന്നതിന് പൊതുഗതാഗത സംവിധാനങ്ങളുമില്ലെന്നിരിക്കെ, പിഞ്ചുകുഞ്ഞുങ്ങളേയും തോളിലേന്തി അഞ്ഞൂറും അറുനൂറും കിലോ മീറ്റുകളാണ് ഇവര്‍ നടന്നു നീങ്ങുന്നത്. ദുരിത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്കായി പ്രത്യേക മാര്‍ഗങ്ങള്‍ സജ്ജീകരിക്കാത്തതാണ് രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചത്. ബുധനാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംസ്ഥാന അതിര്‍ത്തി റോഡുകളില്‍ കിലോ മീറ്ററുക നീളത്തില്‍ കുടുങ്ങി തൊഴിലാളികളുടെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു മുന്നറിയിപ്പും കൂടാതെ രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കുടിയേറ്റ തൊഴിലാളികളെയാണ്. ദിവസവേതനത്തില്‍ തൊഴില്‍ ചെയ്ത് അതാത് ദിവസത്തെ അന്നം കണ്ടെത്തിയിരുന്ന ഇവര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമാവുകയും ചെയ്തിരിക്കയാണ്. അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുകളെ തുടര്‍ന്ന് യുപി ഡല്‍ഹി പൊലീസ് തൊഴിലാകളെ സ്ഥലങ്ങലിലെത്തിക്കാനുള്ള ശ്രമം രാത്രി വൈകിയും നടക്കുകയാണ്.