പടയൊരുക്കം ഇന്നും നാളെയും ടിപ്പുവിന്റെ പടയോട്ട ഭൂമിയില്‍

എന്‍.എ.എം. ജാഫര്‍

പാലക്കാട്: ബ്രിട്ടീഷുകാരുടെ മര്‍ദ്ദകഭരണത്തിനെതിരെ നെഞ്ചുറപ്പോടെ ടിപ്പുസുല്‍ത്താന്‍ പടയോട്ടം നയിച്ച പാലക്കാടന്‍ മണ്ണില്‍ ഇന്നും നാളെയും യു.ഡി.എഫിന്റെ പടയൊരുക്കം. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മലപ്പുറത്തിന്റെ ഇതിഹാസ ഭൂമിയില്‍ മോദി-പിണറായി ഭരണത്തിനെതിരെ ജനാധിപത്യ സംഘശക്തിയുടെ പ്രതിഷേധ തീജ്വാലകള്‍ പടര്‍ത്തിയ ശേഷമാണ് ജാഥ വള്ളുവനാടന്‍-തമിഴക സങ്കര സാംസ്‌കാരികതയിലേക്ക് പ്രവേശിക്കുന്നത്. മണ്ണാര്‍ക്കാടന്‍ മലയോരമേഖലയും വള്ളുവനാടന്‍ സാംസ്‌കാരികതയും പാലക്കാടന്‍ നഗരവും ചിറ്റൂരിന്റെ കര്‍ഷകഗ്രാമങ്ങളും ജാഥയെ ഇന്ന് നെഞ്ചോട് ചേര്‍ക്കും.
മോദി-പിണറായി സര്‍ക്കാരുകളുടെ ജനവഞ്ചനാ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ആരംഭിച്ച ‘പടയൊരുക്കം’ ജാഥ ഈ ദിവസങ്ങളില്‍ ജില്ലയില്‍ പര്യടനം നടത്തും. ഇന്ന് രാവിലെ 9 മണിക്ക് ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ യു.ഡി.എഫ് ജില്ലാ നേതാക്കള്‍ ജാഥയെ സ്വീകരിക്കും. രാവിലെ 10മണിക്ക് മണ്ണാര്‍ക്കാട് ആദ്യ സ്വീകരണ പൊതുയോഗത്തില്‍ ഉമ്മന്‍ചാണ്ടി പ്രസംഗിക്കും. ജാഥാ അംഗങ്ങളും യു.ഡി.എഫ് നേതാക്കളും പ്രസംഗിക്കും. തുടര്‍ന്ന്് 11 ന്് ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റി കരിമ്പുഴ കോട്ടപ്പുറത്തും ഉച്ചതിരിഞ്ഞ് മൂന്നിന് കോങ്ങാട് നിയോജകമണ്ഡലം കല്ലടിക്കോടും സ്വീകരണം നല്‍കും. വൈകീട്ട് 4 മണിക്ക് പാലക്കാട്, മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റികള്‍ സംയുക്തമായാണ് പാലക്കാട് നഗരത്തിലെ സ്വീകരണമൊരുക്കുന്നത്. ഇവിടെ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രസംഗിക്കും. സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്തെ ഗ്രൗണ്ടില്‍ ചേരുന്ന സ്വീകരണസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍, മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് 5മണിക്ക് ചിറ്റൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കൊഴിഞ്ഞാമ്പാറയില്‍ വമ്പിച്ച സ്വീകരണം നല്‍കും. ഈ സ്വീകരണത്തോടെ ജില്ല പരിപാടി സമാപിക്കും.
നാളെ രാവിലെ 10മണിക്ക് തരൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കഞ്ചേരിയിലാണ് ആദ്യ സ്വീകരണം. 11മണിക്ക് നെന്മാറ നിയോജകമണ്ഡലം കമ്മിറ്റി കൊല്ലങ്കോട് സെന്ററില്‍ സ്വീകരണം നല്‍കും. ഉച്ചതിരിഞ്ഞ് 3ന് ആലത്തൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആലത്തൂര്‍ ടൗണില്‍ സ്വീകരണം നല്‍കും. 4മണിക്ക്് ഷൊര്‍ണൂര്‍ നിയോജകമണ്ഡലം കമ്മിറ്റി കുളപ്പുള്ളി സെന്ററിലും 5ന് പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റി മേലെ പട്ടാമ്പിയിലും സ്വീകരണം നല്‍കും. വൈകുന്നേരം 6ന് തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റനാട് സംഘടിപ്പിക്കുന്ന വമ്പിച്ച സ്വീകരണത്തോടെ ജില്ലയിലെ പരിപാടികള്‍ക്ക് സമാപനമാകും. ജാഥാ കോര്‍ഡിനേറ്റര്‍ വി.ഡി സതീശന്‍ എം.എല്‍.എ, കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹാന്‍, ഷാനിമോള്‍ ഉസ്മാന്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, മുന്‍മന്ത്രിമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, അഡ്വ.രാം മോഹന്‍ എന്നിവരാണ് രമേശ് ചെന്നിത്തലയോടൊപ്പം സ്ഥിരം ജാഥാംഗങ്ങളായി പങ്കെടുത്ത് സ്വീകരണയോഗങ്ങളില്‍ പ്രസംഗിക്കുന്നത്. യു.ഡി.എഫ് നേതാക്കളും സ്വീകരണയോഗങ്ങളില്‍ പ്രസംഗിക്കും.
കഴിഞ്ഞവര്‍ഷം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ചവരുത്തിയത് മൂലവും നെല്ലുസംഭരണം വൈകിയത് മൂലം ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങളും അട്ടപ്പാടിയിലെ ആദിവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും നേരില്‍ മനസ്സിലാക്കാന്‍ അവരുടെ പ്രതിനിധികളുമായി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തും. ജാഥയുടെ ഭാഗമായി ഒരുകോടി ഒപ്പ് ശേഖരണവും ജില്ലയില്‍ നടത്തിയിട്ടുണ്ട്. ജില്ലയിലെ രണ്ടായിരത്തില്‍പരം ബൂത്തുകളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ പഞ്ചായത്ത്തല യു.ഡി.എഫ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.