ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് വേണ്ട: ഇടതു അതൃപ്തി പരസ്യമാക്കി പി. കരുണാകരൻ എം.പി

കാസര്‍കോട് : ജില്ലയുടെ സ്വപ്‌ന പദ്ധതിയായ കാസര്‍കോട് മെഡിക്കല്‍ കോളജ് ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്നതിനെതിരെ പി. കരുണാകരന്‍ എം.പി. ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് വന്നാല്‍ അതുപെട്ടെന്ന് തന്നെ പൂട്ടിപ്പോകുമെന്ന് കേന്ദ്ര സര്‍വകലാശാല മെഡിക്കല്‍ കോളജ് ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ എം.പി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറാണ് കാസര്‍കോട് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ രോഗ ബാധിതകരടക്കമുള്ള പ്രദേശമായ ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് അനുവദിച്ചത്. ആ വര്‍ഷം തന്നെ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. പിന്നീട് ഇടതു സര്‍ക്കാര്‍ ഭരണത്തിലേറിയതോടെ നിര്‍മാണം അനന്തമായി നീളുകയായിരുന്നു. മെഡിക്കല്‍ കോളജ് വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാറിനുണ്ടായ അതൃപ്തി ആരോഗ്യ മന്ത്രിയില്‍ നിന്നുള്‍പ്പെടെ വിവിധ രൂപത്തില്‍ പ്രസ്താവനകളായി പ്രകടമായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മെഡിക്കല്‍ കോളജ് വിഷയത്തില്‍ നടന്ന തീരുമാന യോഗത്തിലാണ് പരസ്യമായ അതൃപ്തി പുറത്തുവന്നത്. ഉക്കിനടുക്കയില്‍ നിന്നും മെഡിക്കല്‍ കോളജ് മാറ്റുന്നത് വേദനാജനകമായ തീരുമാനമാണെന്നും ആ തീരുമാനം ജില്ലയിലെ രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കണമെന്നുമെന്നും അദ്ദേഹം തുറന്നടിച്ചു.

മെഡിക്കല്‍ കോളജ് ഉക്കിനടുക്കയില്‍ സ്ഥാപിക്കുന്നത് താന്‍ പോലും അറിഞ്ഞിരുന്നില്ലെന്ന് കെ. കുഞ്ഞിരാമന്‍ പറഞ്ഞു. ഇപ്പോള്‍ മെഡിക്കല്‍ കോളജിന്റെ നിര്‍മാണം നടക്കുന്ന ഉക്കിനടുക്കയില്‍ വിപുലമായ സൗകര്യമുള്ള ആശുപത്രി സ്ഥാപിച്ച് പകരം മെഡിക്കല്‍ കോളജ് കാസര്‍കോടോ കാഞ്ഞങ്ങാടോ സ്ഥാപിക്കുന്നതായിരിക്കും ഉചിതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് വന്നാല്‍ തന്നെ ജനങ്ങള്‍ മംഗളൂരുവിലേക്ക് തന്നെ പോകുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ എം.പി തന്നെ മുന്നില്‍ നില്‍ക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പറഞ്ഞു