കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് 47 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ ഡോം നടത്തിയ റെയ്ഡില്‍ ഐ.ടി വിദഗ്ധരായ യുവാക്കളടക്കം 47 പേര്‍ അറസ്റ്റിലായി. ഓപ്പറേഷന്‍ പിഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്. ഇവര്‍ക്കെതിരെ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാലാണ് നടപടി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇത്രയും ആളുകളെ പിടികൂടാനായത്. എല്ലാ ജില്ലകളിലുമായി 110 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

കുട്ടികളുടെ പഠനം മുതല്‍ ബാങ്കിങ്, വര്‍ക്ക് ഫ്രം ഹോം തുടങ്ങിയവയ്ക്കായി ഇന്റര്‍നെറ്റിന്റെ ഗാര്‍ഹിക ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചിട്ടുണ്ട്. ദൈനംദിന കാര്യങ്ങളില്‍ മാത്രമല്ല ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും വര്‍ധനവ് തന്നെയാണ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിലെ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം ഉള്‍പ്പടെയുള്ളവ വര്‍ധിച്ചുവരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

ആറ് വയസ്സ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഓപ്പറേഷന്‍ പിഹണ്ടിന്റെ ഭാഗമായി നടന്ന റെയ്ഡില്‍ പിടിച്ചെടുത്തത്. അറസ്റ്റിലായവരില്‍ ചിലര്‍ കുട്ടികളെ ദുരുപയോഗം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചവരുടെ വിവരങ്ങളും സൈബര്‍ഡോം അന്വേഷിച്ച് വരികയാണ്. വിവിധ ഗ്രൂപ്പുകളിലൂടെ ഇവ പ്രചരിപ്പിച്ചതിന് 92ല്‍ അധികം ഗ്രൂപ്പ് അഡ്മിന്‍മാരെയും നിരീക്ഷിക്കുന്നുണ്ട്. കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

SHARE