പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ച മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന് മറുപടി നല്‍കി ലോക്‌സഭാ മുന്‍ സെക്രട്ടറി പി.ഡി.ടി ആചാരി. ദേശീയ വിശ്വകര്‍മ ഫെഡറേഷന്റെ ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തൃശ്ശൂരില്‍ നടന്ന സെമിനാറിലാണ് ആചാരിയുടെ മറുപടി.
എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ നിയമ സംഹിതയുണ്ടെന്നും മറ്റു രാജ്യങ്ങളില്‍ അന്യരാജ്യത്തിലെ പൗരന്മാര്‍ക്കും ഉപാധിയില്ലാതെ അധിനിവേശം നടത്താന്‍ സാധിക്കില്ലെന്നും ഇന്ത്യ മറ്റെല്ലാവര്‍ക്കും തുറന്നു കൊടുക്കണമെന്നു പറയുന്നവര്‍ മറ്റു രാജ്യങ്ങളിലെ പൗരത്വ നിയമങ്ങളെക്കുറിച്ചു നിശബ്ദരാകുന്നു എന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സംസാരിച്ച പി.ഡി.ടി ആചാരി ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത മതേതരത്വ സംസ്‌കാരമാണെന്നും മതപരമായ വിവേചനം ഭരണഘടനാ വിരുദ്ധമാണെന്ന് ഓര്‍മ്മിപ്പിച്ചു.പൗരത്വ സ്വാതന്ത്ര്യത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ഇന്ത്യ ലോകത്തിനു മാതൃകയാണെന്നും ഭരണഘടനയിലെ മാനുഷിക മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.