നോട്ട് പിന്‍വലിക്കല്‍ ഈ വര്‍ഷത്തെ വലിയ അഴിമതിയെന്ന് പി ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം. ഇതിന്റെ ലക്ഷ്യം സര്‍ക്കാര്‍ മാറ്റിമറിക്കുകയാണ്. കള്ളപ്പണം എന്നതില്‍ നിന്നും പണരഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യമാണ് സര്‍ക്കാരിനിപ്പോഴുള്ളതെന്നും ചിദംബരം പറഞ്ഞു.

തനിക്കിതുവരേയും 2000 ന്റെ നോട്ട് കിട്ടിയിട്ടില്ല. പിന്നെ എങ്ങനെയാണ് ആളുകളില്‍ നിന്നും റെയ്ഡുകളിലായി കോടിക്കണക്കിന് രൂപയുടെ 2000ന്റെ നോട്ടുകള്‍ പിടികൂടിയതെന്നും അദ്ദേഹം ചോദിച്ചു. 45കോടിയോളം വരുന്ന കര്‍ഷകരും തൊഴിലാളികളും സര്‍ക്കാര്‍ നടപടി മൂലം കഷ്ടപ്പെടുകയാണ്. ആരാണ് ഇതിനൊക്കെ പരിഹാരം കാണുക. ലോകത്തുള്ള പ്രമുഖ സാമ്പത്തിക വിദഗ്ധരും പത്രമാധ്യമങ്ങളും സര്‍ക്കാര്‍ തീരുമാനം ബുദ്ധിശൂന്യമാണെന്ന് വിലയിരുത്തുന്നുവെന്നും ഒരാള്‍പോലും നല്ലത് പറയുന്നില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യത്തെ ജിഡിപി വളര്‍ച്ചയില്‍ ഒന്ന് മുതല്‍ രണ്ട് ശതമാനത്തിന്റെ കുറവ് ഉണ്ടാകും. ഗ്രാമീണ ഇന്ത്യയില്‍ പ്രകൃതി ദുരന്തത്തേക്കാള്‍ വലിയ ആഘാതമാണ് നോട്ട് പിന്‍വലിക്കല്‍ സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങള്‍ ഇക്കാര്യത്തില്‍ മോദിക്ക് മാപ്പ് നല്‍കില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു

SHARE