‘ആരാണ് ഡല്‍ഹിക്കാരന്‍’; കെജ്‌രിവാളിനോട് ചോദ്യങ്ങളുമായി പി.ചിദംബരം

ന്യൂഡല്‍ഹി: ഡല്‍ഹിക്കാരനാകാന്‍ വേണ്ട യോഗ്യതകള്‍ വിവരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിജവാളിനോട് ആവശ്യപ്പെട്ട് മുതിര്‍ന്ന മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം. രാജ്യ തലസ്ഥാനത്ത് കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമാക്കി മാറ്റിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാറിന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് അദ്ദേഹത്തിന്റെ ട്വീറ്റ്. തീരുമാനമെടുക്കും മുമ്പ് കെജ്‌രിവാള്‍ നിയമോപദേശം തോടിയിരുന്നോ എന്നും ചിദംബരം ചോദിച്ചു.

‘ഡല്‍ഹിയിലെ ആശുപത്രികള്‍ ഡല്‍ഹിക്കാര്‍ക്ക് മാത്രമെന്നാണ് മിസ്റ്റര്‍ കെജ്‌രിവാള്‍ പറയുന്നത്. ആരാണ് ഡല്‍ഹിക്കാരനെന്ന് അദ്ദേഹം പറഞ്ഞു തരുമോ ആവോ ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുകയോ ജീവിക്കുകയോ ചെയ്യുന്ന ആളാണെങ്കില്‍ ഞാന്‍ ഡല്‍ഹിക്കാരനാണോ ചിദംബരം ട്വിറ്ററിലൂടെ ചോദിച്ചു.

‘കേന്ദ്രത്തിന്റെ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് പട്ടികയില്‍ ഉള്‍പെട്ട ഇന്ത്യയിലെ ഏത് ആശുപത്രിയില്‍ നിന്നും ചികിത്സ ലഭിക്കുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് കെജ്‌രിവാള്‍ നിയമോപദേശം തേടിയിരുന്നോ’ ചിദംബരം ചോദിക്കുന്നു. കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ച് ഞായറാഴ്ച നടത്തിയ പ്രസംഗത്തിലാണ് കെജ്‌രിവാള്‍ ചികിത്സ പരിമിതപ്പെടുത്തിയതായി പ്രഖ്യാപിച്ചത്.

SHARE