ജയിലില്‍ ചിദംബരത്തിന്റെ ആരോഗ്യനില മോശം; ഹൈദരാബാദില്‍ ചികിത്സ ആവശ്യപ്പെട്ട് കുടുംബം


ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മുന്‍ ധനകാര്യ വകുപ്പ് മന്ത്രി പി. ചിദംബരത്തിന്റെ ആരോഗ്യ നില മോശമാണെന്ന് കുടുംബം. അസുഖമാണ് ആരോഗ്യനില വഷളാക്കിയത്. ചിദംബരം കസ്റ്റഡിയിലാവുന്നതിന് മുമ്പുള്ളതിനേക്കാള്‍ എട്ട് മുതല്‍ ഒമ്പത് കിലോ വരെ ഭാരം കുറഞ്ഞെന്നും കുടുംബം ആരോപിച്ചു.

ജയിലില്‍ നല്‍കുന്ന ചികിത്സയില്‍ ഞങ്ങള്‍ തൃപ്തരല്ല. അദ്ദേഹം ഒരുപാട് സഹിക്കുന്നുണ്ട്. അദ്ദേഹത്തെ ഉടന്‍ തന്നെ ഹൈദരാബാദിലെ പ്രശസ്ത ഉദരരോഗ വിദഗ്ധനായ ഡോ. നാഗേശ്വര്‍ റെഡ്ഢിയുടെ അടുത്തെത്തിച്ച് ചികിത്സ നല്‍കണം. 2016ല്‍ അദ്ദേഹത്തെ ചികിത്സിച്ചിരുന്നതിനാല്‍ ഡോ. നാഗേശ്വര്‍ റെഡ്ഢിക്ക് ചിദംബരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് വ്യക്തമായി അറിയാം. റെഡ്ഢിയുടെ ചികിത്സക്ക് ശേഷം അദ്ദേഹത്തിന് നല്ല ആശ്വാസം ലഭിച്ചിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

നവംബര്‍ എട്ട് മുതല്‍ മാറ്റി വെച്ച ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ചിദംബരത്തിന്റെ കുടുംബം കൂട്ടിച്ചേര്‍ത്തു. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നവംബര്‍ 27 വരെ നീട്ടിയിരിക്കുകയാണ്.

ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ കഴിഞ്ഞ ആഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.

SHARE