സര്‍ക്കാരിനോട് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ ആര്‍.ബി.ഐ ആവശ്യപ്പെടണമെന്ന് ചിദംബരം

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥയില്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകണമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് നെഗറ്റീവിലേക്കു കൂപ്പുകുത്തുമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചിദംബരം.

കടമ നിര്‍വഹിക്കണമെന്നും ധനപരമായ നടപടികള്‍ കാലോചിതമായി നിര്‍വഹിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ ആര്‍.ബി.ഐയ്ക്ക് കടമയുണ്ടെന്നും ചിദംബരം പറഞ്ഞു. രാജ്യത്തെ ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ചുള്ള കേന്ദ്ര അവകാശവാദങ്ങള്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ തള്ളിയ സാഹചര്യത്തില്‍ ജി.ഡി.പിയുടെ ഒരു ശതമാനത്തിനും താഴെയുള്ള ഉത്തേജക പാക്കേജിന്റെ പേരില്‍ ഇനിയും പ്രധാനമന്ത്രിയും ധനമന്ത്രിയും സ്വയം പ്രശംസയ്ക്ക് തയാറാകുമോയെന്നും ചിദംബരം ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജക പാക്കേജ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പിയില്‍ കാര്യമായ ചലനം സൃഷ്ടിക്കില്ലെന്നു ആര്‍.ബി.ഐ ഗവര്‍ണറുടെ പ്രസ്താവനയില്‍നിന്ന് വ്യക്തമാണെന്നും ചിദംബരം പറഞ്ഞു.

SHARE