രാജ്യം പ്രതീക്ഷയോടെ; ഓക്‌സ്ഫഡ് വാക്‌സിന്റെ നിര്‍ണായക മൂന്നാംഘട്ട പരീക്ഷണത്തിനായി ഇന്ത്യയില്‍ അഞ്ച് കേന്ദ്രങ്ങള്‍

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്റെ നിര്‍ണായക മൂന്നാംഘട്ട പരീക്ഷണത്തിനായി രാജ്യത്ത് അഞ്ച് കേന്ദ്രങ്ങളെ തെരഞ്ഞെടുത്തു. ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. ഇത് അനിവാര്യമായ നടപടിയാണെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുമ്പ് രാജ്യത്തിനകത്തുളള ഡേറ്റകള്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും രേണു സ്വരൂപ് ചൂണ്ടിക്കാട്ടി. ഓരോ കേന്ദ്രത്തിലും ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടേയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും ഒരു വലിയ ഡാറ്റാബേസ് ഉണ്ടായിരിക്കും.

ഹരിയാണയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍, പുണെയിലെ കെഇഎം, ഹൈദരാബാദിലെ സൊസൈറ്റി ഫോര് ഹെല്‍ത്ത് അലൈഡ് റിസര്‍ച്ച്, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡെമിയോളജി, തമിഴ്‌നാട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എന്നിവയാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്ന അഞ്ച് സ്ഥാപനങ്ങള്‍. നാഷണല്‍ ബയോഫാര്‍മ മിഷനും ഗ്രാന്‍ഡ് ചലഞ്ചസ് ഇന്ത്യ പ്രോഗ്രാമുമാണ് അഞ്ച് കേന്ദ്രങ്ങള്‍ സ്ഥാപിച്ചതെന്ന് ഡിബിടി സെക്രട്ടറി പറഞ്ഞു.

വാക്‌സിന്‍ പരീക്ഷണം വിജയിച്ചാല്‍, അതിന്റെ ഉല്‍പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയെ ഓക്‌സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്. പരീക്ഷണങ്ങളുടെ ആദ്യരണ്ടുഘട്ടങ്ങളുടെ പരീക്ഷണഫലങ്ങള്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.

ധനസഹായമോ, റെഗുലേറ്ററി ക്ലിയറന്‌സ് സുഗമമാക്കുകയോ, രാജ്യത്തിനകത്തെ വിവിധ നെറ്റ്വര്‍ക്കുകളിലേക്ക് പ്രവേശനാനുമതി നല്‍കുകയോ ആകട്ടെ രാജ്യത്തെ ഏതുതരത്തിലുമുളള കോവിഡ് പ്രതിരോധ വാക്‌സിന്‍ ശ്രമങ്ങങ്ങളുടെയും ഭാഗമാണ് ഡിബിടി എന്ന് രേണു സ്വരൂപ് വ്യക്തമാക്കി.

‘ഡിബിടി ഇപ്പോള്‍ മൂന്നാഘട്ട ക്ലിനിക്കല്‍ സൈറ്റുകള്‍ സ്ഥാപിക്കുകയാണ്. ഞങ്ങള്‍ ഇതിനകം അതിന്റെ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്കായി അഞ്ചുസൈറ്റുകള്‍ തയ്യാറായിക്കഴിഞ്ഞു. സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. കാരണം വാക്‌സിന്‍ വിജയകരമാവുകയും അത് ഇന്ത്യന്‍ ജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യണമെങ്കില്‍ രാജ്യത്തിനകത്തെ ഡേറ്റ ആവശ്യമാണ്.’ സെക്രട്ടറി പറഞ്ഞു.

വാക്‌സിന്‍ പരീക്ഷണത്തിന്റെ രണ്ടാംഘട്ടവും മൂന്നാംഘട്ടവും നടത്താന്‍ പുണെ ആസ്ഥാനമായിട്ടുളള എസ് ഐ ഐ ഡ്രഗ്‌സ് കണ്ട്രോളല്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിട്ടുണ്ട്. വാക്‌സിന്‍ അന്തിമാനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ വാക്‌സിന്‍ നിര്‍മാണം ആരംഭിക്കുമെന്ന് എസ് ഐ ഐ പറഞ്ഞിരുന്നു. അതുപ്രകാരം അന്തിമാനുമതി ലഭിക്കുന്നതോടെ ഗണ്യമായ അളവില്‍ വാക്‌സിന്‍ തയ്യാറാക്കാന്‍ സാധിക്കും.

SHARE