ഗള്‍ഫിനെ കാത്തിരിക്കുന്നത് പ്രവാസികളുടെ കൂട്ടപ്പലായനം; സൗദിയില്‍ തൊഴില്‍ നഷ്ടം 17 ലക്ഷം പേര്‍ക്ക്, യു.എ.ഇയില്‍ ഒമ്പത് ലക്ഷം

ദുബായ്: കോവിഡ് മഹാമാരി ഗള്‍ഫ് രാജ്യങ്ങളുടെ ജനസംഖ്യാഭൂപടത്തെ മാറ്റി മറിക്കുമെന്ന് ഓക്‌സ്ഫഡ് എകണോമിക്‌സ് മിഡില്‍ ഈസ്റ്റിന്റെ പഠന റിപ്പോര്‍ട്ട്. ജി.സി.സി രാഷ്ട്രങ്ങളില്‍ കൂട്ട തൊഴില്‍ നഷ്ടമുണ്ടാകുമെന്നും ലക്ഷക്കണക്കിന് പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര മാദ്ധ്യമമായ ബ്ലൂംബര്‍ഗാണ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്.

‘പ്രധാന മേഖലകളില്‍ എല്ലാം ലോക്ക്ഡൗണ്‍ മൂലം വലിയ തോതിലുള്ള തൊഴില്‍ നഷ്ടങ്ങളുണ്ടാകും. മേഖലയെ ആശ്രയിക്കുന്ന പ്രവാസി കുടിയേറ്റ തൊഴിലാളികളെയാണ് ഇതു ബാധിക്കുക. തൊഴില്‍ നഷ്ടം ജനസംഖ്യയില്‍ തന്നെ കുറവുണ്ടാക്കും. വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്നതായിരിക്കും ഇത്’ – ഓക്‌സ്ഫഡ് എകണോമിക്‌സിലെ മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞന്‍ സ്‌കോട്ട് ലിവര്‍മോര്‍ പറഞ്ഞു.

സൗദി, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ രാഷ്ട്രങ്ങളാണ് ജി.സി.സി രാഷ്ട്രങ്ങള്‍.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

  • കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ മൂലം ജി.സി.സി രാഷ്ട്രങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലാണ്. എണ്ണവിലയിലെ ഇടിവ് രാജ്യങ്ങളെ സാരമായി ബാധിച്ചു. ഇതിന്റെ ഫലമായി ജി.സി.സിയിലെ തൊഴില്‍വിപണിയില്‍ 13 ശതമാനം വരെ ഇടിവുണ്ടാകും. യു.എ.ഇയില്‍ ഒമ്പത് ലക്ഷവും സൗദി അറേബ്യയില്‍ 17 ലക്ഷവും പേര്‍ക്ക് തൊഴില്‍ നഷ്ടമാകും.
  • പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്ന ദുര്‍ബല മേഖലകളിലായിരിക്കും വന്‍ തൊഴില്‍ നഷ്ടം. തൊഴില്‍ നഷ്ടമാകുന്നതോടെ പ്രവാസി ജനസംഖ്യയിലും കുറവുണ്ടാകും. യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വരുന്നതോടെ പ്രവാസികളുടെ തിരിച്ചുപോക്ക് ആരംഭിക്കും. സൗദിയിലും ഒമാനിലും നാലു ശതമാനം വരെയും യു.എ.ഇയിലും ഖത്തറിലും ഏകദേശം പത്തു ശതമാനം വരെയും ജനസംഖ്യ കുറയും.
  • പ്രധാനപ്പെട്ട തൊഴില്‍ മേഖലകളില്‍ കുടിയേറ്റം പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. തൊഴിലാളികളെ കിട്ടാത്ത സാഹചര്യമുണ്ടാകും.