കോവിഡ് വാക്‌സിന്‍ പരീക്ഷണം; കേരളം പുറത്ത്, ഇന്ത്യയില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍

ഡല്‍ഹി: ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ മനുഷ്യപരീക്ഷണം നടക്കുന്നത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളില്‍. രാജ്യത്തെ 17 കേന്ദ്രങ്ങളില്‍ എട്ടെണ്ണം മഹാരാഷ്ട്രയില്‍. അതില്‍ നാലെണ്ണം പുണെയിലും. കേരളത്തില്‍ പരീക്ഷണകേന്ദ്രങ്ങളില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് സീറം ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന മൂന്നാംഘട്ട മനുഷ്യ പരീക്ഷണം ഈ മാസം 20ന് ആരംഭിക്കും. അവസാന രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നത്.

രോഗവ്യാപനം അതിരൂക്ഷമായ നഗരങ്ങളിലാണ് സീറം ഓക്‌സഫെഡ് കോവിഡ് ഷീല്‍ഡി വാക്‌സിന്റെ മനുഷ്യപരീക്ഷണം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 17 ആശുപത്രികളിലായി 1700 പേരില്‍ വാക്‌സിന്‍ പരീക്ഷിക്കാനാണ് ഇന്ത്യയില്‍ ഉല്‍പാദന കരാറുള്ള സീറം ഇന്‍സ്റ്റിറ്റിയൂട്ടിന് അനുമതി നല്‍കിയിരിക്കുന്നത്.

ഏറ്റവുമധികം പരീക്ഷണ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ കേന്ദ്രമില്ലെങ്കിലും തമിഴ്‌നാട്ടില്‍ രണ്ട് കേന്ദ്രങ്ങളില്‍ പരീക്ഷണം നടക്കും. അവസാന രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നതെന്നും രണ്ടാംഘട്ടത്തില്‍ 100 പേര്‍ക്കും മൂന്നാംഘട്ടത്തില്‍ 1600 പേര്‍ക്കുമാണു വാക്‌സീന്‍ നല്‍കുകയെന്നും സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ സി. നമ്പ്യാര്‍ പറഞ്ഞു. യുകെയില്‍ ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷണം ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരമായതു കൊണ്ടാണ് ഇന്ത്യയില്‍ ഒന്നാം ഘട്ടം ഒഴിവാക്കിയതും രണ്ടാംഘട്ടം 100 പേരില്‍ മാത്രമാക്കിയതും.

SHARE