നിങ്ങള്‍ വളര്‍ത്തുന്ന പാമ്പുകള്‍ ഒരു ദിവസം നിങ്ങളെ തിരിഞ്ഞു കൊത്തും; മോദിക്ക് മുന്നറിയിപ്പുമായി ഉവൈസി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. നിങ്ങള്‍ വളര്‍ത്തുന്ന പാമ്പുകള്‍ ഒരു ദിവസം നിങ്ങളെ തന്നെ തിരിഞ്ഞുകൊത്തുമെന്ന് ഉവൈസി പറഞ്ഞു. ഡല്‍ഹിയിലെ അക്രമ സംഭവങ്ങള്‍ക്കു കാരണം ഡല്‍ഹി മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ കപില്‍ മിശ്രയാണെന്നും ഉവൈസി ആരോപിച്ചു. ഹൈദരാബാദില്‍ സി.എ.എ വിരുദ്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ വ്യക്തിയുടെ പ്രേരണയുടെ ഫലമാണ് ഈ കലാപം. പൊലീസിന്റെ ഇടപെടലിന് ഇപ്പോള്‍ വ്യക്തമായ തെളിവുണ്ട്. മുന്‍ എം.എല്‍.എയെ ഉടന്‍ അറസ്റ്റ് ചെയ്യണം. അക്രമം നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം, അല്ലെങ്കില്‍ അത് വ്യാപിക്കും’ ഉവൈസി പറഞ്ഞു.

ഡല്‍ഹിയില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്രമയുടെ ആഹ്വാനപ്രകാരം കഴിഞ്ഞ ദിവസം അക്രമികള്‍ അഴിഞ്ഞാടിയിരുന്നു. അക്രമത്തില്‍ ഒരു പൊലീസുകാരനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഡല്‍ഹി പൊലീസിന്റെ ഒത്താശയോടെ മുസ്‌ലിങ്ങളെ തിരഞ്ഞുപിടിച്ചായിരുന്നു അക്രമം നടത്തിയത്.

SHARE