അമിത് ഷാ സാഹേബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടിരിക്കും: ഉവൈസി

ഹൈദരാബാദ്: ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പേരില്‍ കള്ളം പറയുന്ന ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അസദുദ്ദീന്‍ ഉവൈസി. എന്‍.ആര്‍.സിയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററെന്ന് ഉവൈസ് പറഞ്ഞു. എന്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ഉവൈസി ചോദിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘1955ലെ പൗരത്വ നിയമപ്രകാരമാണ് അവര്‍ എന്‍.പി.ആര്‍ ചെയ്യുന്നത്. അപ്പോള്‍ അതിന് എന്‍.ആര്‍.സിയുമായി ബന്ധമില്ലേ? എന്തുകൊണ്ടാണ് അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത്? എന്റെ പേരെടുത്തു പറഞ്ഞാണ് അദ്ദേഹം എന്‍.ആര്‍.സി രാജ്യത്തുടനീളം നടപ്പാക്കുമെന്നു പറഞ്ഞത്.

അമിത് ഷാ സാഹേബ്, സൂര്യന്‍ കിഴക്ക് ഉദിക്കുവോളം ഞങ്ങള്‍ സത്യം പറഞ്ഞുകൊണ്ടേയിരിക്കും. എന്‍.ആര്‍.സി എന്‍.പി.ആറിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. 2020 ഏപ്രിലില്‍ എന്‍.പി.ആര്‍ നടപ്പിലാകുമ്പോള്‍ അധികൃതര്‍ രേഖകള്‍ ആവശ്യപ്പെടും. അവസാന പട്ടിക എന്‍.ആര്‍.സി തന്നെയാകും.’ അദ്ദേഹം പറഞ്ഞു.

ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. എന്‍.ആര്‍.സിയുടെ ആദ്യ പടിയാണ് ജനസംഖ്യാ രജിസ്റ്റര്‍. ഇതിനെതിരെ കോണ്‍ഗ്രസും മുസ്‌ലിം ലീഗും അടക്കമുള്ള പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേരളവും പശ്ചിമ ബംഗാളും തീരുമാനിച്ചിരുന്നു.

SHARE