മതവുമായി ബന്ധപ്പെട്ട പോരാട്ടമല്ല, ഇത് ശരിക്കുവേണ്ടിയുള്ളതെന്ന് മമത

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭ ജ്വാല തീര്‍ത്ത് കൊല്‍ക്കത്തയില്‍ പടൂകൂറ്റന്‍ പ്രതിഷേധ റാലിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്നും ധൈര്യമുണ്ടെങ്കില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചുവിടൂ എന്നും മമത കേന്ദ്ര സര്‍ക്കാറിനെ ത്തെ വെല്ലുവിളിച്ചു.

‘എന്റെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെയ്യാം. എന്നാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം പൗരത്വഭേദഗതി നിയമഭേദഗതിയോ ദേശീയ ജനസംഖ്യാ രജിസ്റ്ററോ നടപ്പാക്കാന്‍ അനുവദിക്കില്ല. ഞങ്ങള്‍ കീഴടങ്ങില്ല’ റാലിയെ അഭിസംബോധന ചെയ്തുകൊണ്ടു മമത പറഞ്ഞു. ബംഗാളില്‍ പൗരത്വ ഭേദഗതി നിയമ ഭേദഗതിയോ ദേശീയ ജനസംഖ്യാ രജിസ്റ്ററോ നടപ്പാക്കണമെങ്കില്‍ എന്റെ മൃതദേഹത്തില്‍ ചവിട്ടണം. ദേശീയ പൗരത്വ രജിസ്റ്ററിനെതിരേ ഞങ്ങള്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ ഞങ്ങള്‍ ഒറ്റയ്ക്കായിരുന്നു. ഇപ്പോള്‍ മറ്റു മുഖ്യമന്ത്രിമാരും ശബ്ദിച്ചുതുടങ്ങി. കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എതിര്‍ശബ്ദം ഉയര്‍ത്തുന്നുണ്ട് മമത പറഞ്ഞു.

മമത ഒറ്റയ്ക്കാണെന്നാണ് അവര്‍ കരുതുന്നത്. ഉദ്ദേശ്യം ശുദ്ധമായിരുന്നുവെങ്കില്‍ ജനം നിങ്ങളെ പിന്തുണക്കുമായിരുന്നു. മതവുമായി ബന്ധപ്പെട്ട പോരാട്ടമല്ല ഇത്. എന്താണോ ശരി അതിനുവേണ്ടി ഉള്ളതാണ്- മമത പറഞ്ഞു.
രാജ്യത്ത് അവര്‍ മാത്രം അവശേഷിക്കണമെന്നും മറ്റുള്ളവരെ ഒഴിവാക്കണമെന്നുമാണ് ബി.ജെ.പിയുടെ രാഷ്ട്രീയം. ഇതൊരിക്കലും നടക്കാന്‍ പോകുന്നില്ല. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ചവരെ ബംഗാളില്‍ റാലികള്‍ നടത്താനാണ് മമതയുടെ തീരുമാനം.
ബി.ആര്‍ അംബേദ്കര്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയതിന് ശേഷമാണ് റാലി തുടങ്ങിയത്. പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ആയിരക്കണക്കിന് അനുയായികളും അണി ചേര്‍ന്ന റാലി ജോരസാങ്കോ താകുര്‍ബാരിയില്‍ പതിനായിരങ്ങള്‍ ചേരുന്ന സംഗമത്തില്‍ സമാപിച്ചു. നാമെല്ലാം ഈ രാജ്യത്തെ പൗരന്മാരാണ്. എല്ലാ മതങ്ങളും തമ്മിലുള്ള ഐക്യമാണ് നമ്മുടെ ലക്ഷ്യം. ആരും ബംഗാള്‍ വിട്ടുപോകുന്ന സാഹചര്യമുണ്ടാക്കാന്‍ നാം അനുവദിക്കില്ല. ഉത്കണ്ഠയില്ലാതെ സമാധാനത്തോടെ നാം ജീവിക്കും. ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല- മമത പറഞ്ഞു.
‘സമാധാനം നാം നിലനിര്‍ത്തും’ എന്ന പ്രതിജ്ഞയാണ് റാലിക്കെത്തിയവര്‍ ചൊല്ലിയത്. പ്രതിഷേധം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിയിരുന്നു.