കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ സ്യൂട്ട്‌കേസില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഒരു മാസം മുന്‍പു കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് കണ്ടെത്തി. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. ഇന്നലെ രാവിലെ നാഥുപുര ഗ്രാമത്തില്‍ നിന്നാണ് ആഷിഷിന്റെ (ഏഴ്) മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി അവദേശ് സാക്ഷ്യായെ പൊലീസ് അറസ്റ്റ് ചെയ്തു.
ജനുവരി ഏഴിനാണ് ആഷിഷിനെ കാണാതായത്. അറസ്റ്റിലായ പ്രതി അവദേശ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പു ആഷിഷിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഇക്കാലയളവിലാണ് ഇയാള്‍ ഈ കുടുംബവുമായി ബന്ധത്തിലായത്. പിന്നീട് മറ്റൊരു വീട്ടിലേക്ക് മാറി. പൊതുവെ ആഡംബരവും ആഘോഷങ്ങളിലും പ്രിയനായിരുന്ന അവദേശിനോട് കൂട്ടുകൂടരുതെന്ന് ആഷിഷിനെ വീട്ടുകാര്‍ ഉപദേശിച്ചിരുന്നു. കുട്ടിയുമായി അടുത്തിടപെട്ടതിനെ തുടര്‍ന്ന് ഇയാളോട് വീട്ടുകാര്‍ പിണങ്ങി കഴിയുകയായിരുന്നു.

ആഷിഷിനെ കാണാതായ സംഭവത്തില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആവദേശിനെ സംശയിക്കുന്നതായും വീട്ടുകാര്‍ പറഞ്ഞിരുന്നു. ഇടയ്ക്ക് വീട്ടില്‍ വരാറുണ്ടായിരുന്ന അവദേശ് കുറച്ചു ദിവസങ്ങളായി എത്താതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തു. ആദ്യം ഇയാള്‍ കുറ്റം സമ്മദിച്ചില്ല ജനുവരി ഏഴിന് വീട്ടില്‍ വന്നാല്‍ സൈക്കിള്‍ തരാമെന്ന് അവദേശ് കുട്ടിയോട് പറഞ്ഞ ശേഷം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. വീട്ടില്‍ വച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍, മൃതദേഹം പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ആ ദിവസം തെരുവില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നതിനാലാണിത്. വീട്ടിലുണ്ടായിരുന്ന ബെഡ് ബോക്‌സില്‍ മൃതദേഹം ഒളിപ്പിച്ചു.
കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ക്കൊപ്പം പൊലീസ് സേറ്റഷനില്‍ പോകാനും അവദേശ് ഉണ്ടായിരുന്നു. ഒരു സംശയത്തിനും ഇടനല്‍കിയിരുന്നുമില്ല. പിന്നീടുള്ള ദിവസങ്ങള്‍ ഇയാള്‍ വീട്ടിലേക്ക് എത്താതായതോടെയാണ് വീട്ടുകാര്‍ സംശയം പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വിശദീകരിച്ചതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ അസ്‌ലം ഖാന്‍ പറഞ്ഞു. കുട്ടിയെ തട്ടിയെടുത്ത ശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍, അതിനിടയില്‍ കുട്ടി കൊല്ലപ്പെടുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.