ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ മരിച്ചത് എഴുപതിലേറെ പേര്‍. ഒരാഴ്ചയ്ക്കിടെയാണ് ഇത്രയും പേര്‍ മരണത്തിന് കീഴടങ്ങിയത്. സമ്പൂര്‍ണ്ണ അടച്ചിടലില്‍ ദുരിതത്തിലായ കുടിയേറ്റത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കണം എന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് ഇത്രയും ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ദുരന്തങ്ങള്‍ ഏറെയുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്‌ക്രിയത്വം തുടരുകയാണ്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ 24 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടതാണ് ഇതിലെ ഏറ്റവും ഒടുവിലത്തെ സംഭവം. ഉത്തര്‍പ്രദേശിലെ ഔരിയ ജില്ലയിലായിരുന്നു അപകടം. കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിക്കുകയായിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജസ്ഥാനില്‍ നിന്ന് യാത്രയാരംഭിച്ച സംഘം ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉള്ളവരായിരുന്നു. അപകടത്തില്‍ 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെലങ്കാനയിലെ നിസാമാബാദില്‍ മലയാളി കുടുംബം സഞ്ചരിച്ച സ്‌കോര്‍പിയോ വാനും ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടു. ഇതില്‍ കുടുംബനാഥനും മകളും മരിച്ചു. ഭാര്യയും മൂത്തമകളും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മദ്ധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബാന്ദയില്‍ റോഡ് അപകടത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇവര്‍ സഞ്ചരിച്ച ട്രക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. യു.പിയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇവര്‍.
മെയ് 13നും 14നും ഇടയിലെ രാത്രി ആറ് കുടിയേറ്റത്തൊഴിലാളികളാണ് മരണത്തിന് കീഴടങ്ങിയത്. മുസഫര്‍ നഗറിനടുത്ത് ഡല്‍ഹി-സഹാറന്‍പൂര്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ഇവരിലേക്ക് ബസ് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പഞ്ചാബില്‍ നിന്ന് ബിഹാറിലേക്ക് കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു ഇവര്‍. മരിച്ചവരില്‍ നാലു പേര്‍ ഗോപാല്‍ഗഞ്ച് സ്വദേശികളാണ്. മറ്റു രണ്ടു പേര്‍ പട്‌ന, ഭോജ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും. മദ്യപിച്ച് വണ്ടിയോടിച്ച ഡ്രൈവറാണ് അപകടം വരുത്തിവച്ചത്.
മെയ് 14ന് തന്നെ മദ്ധ്യപ്രദേശിലെ ഗുണയില്‍ ഉണ്ടായ അപകടത്തില്‍ എട്ടു പേരാണ് കൊല്ലപ്പെട്ടത്. തൊഴിലാളികള്‍ സഞ്ചരിച്ച ട്രക്കുമായി അമിത വേഗത്തില്‍ വന്ന ബസ് കൂട്ടിയിടിക്കുകയായിരുന്നു. അറുപതോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. യു.പിയിലെ ഉന്നാവോ ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ ഏറെയും.

മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ മെയ് എട്ടിന് ചരക്കുതീവണ്ടിയിടിച്ച് 16 പേര്‍ മരിച്ചതാണ് ഇതിലെ ഏറ്റവും വലിയ ദുരന്തം. ഭുസാവലില്‍ നിന്ന് ജല്‍നയിലേക്ക് പോകുകയായിരുന്ന തൊഴിലാകള്‍ക്കു മേല്‍ തീവണ്ടി പാഞ്ഞു കയറുകയായിരുന്നു. ഇതിന് പുറമേ, ഒറ്റപ്പെട്ട നിരവധി അപകടങ്ങളും രാജ്യത്തുടനീളമുണ്ടായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട ശേഷം മാത്രം നൂറിലേറെ കുടിയേറ്റ തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് അനൗദ്യോഗിക കണക്കുകള്‍.
അതിനിടെ, കുടിയേറ്റ തൊഴിലാളികള്‍ നാടുകളിലേക്ക് നടന്നു പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നടന്നു പോകുന്നതിന്റെ അപകടത്തെ കുറിച്ച് തൊഴിലാളികളെ ബോധവല്‍ക്കരിക്കണമെന്നും ഇതിനായി കൗണ്‍സലിങുകള്‍ നടത്തണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. യാത്രയ്ക്കായി ശ്രാമിക് സ്‌പെഷ്യല്‍ ട്രയിനുകളും ബസുകളും ഉപയോഗപ്പെടുത്താനാണ് കേന്ദ്ര നിര്‍ദ്ദേശം.