കോവിഡ് സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ല; ബെംഗളൂരില്‍ സ്ഥിതി നിയന്ത്രണാതീതം

ബെംഗളൂരു: കോവിഡ് കേസുകള്‍ അഭൂതപൂര്‍വമായി കുതിച്ചുചാടുന്ന കര്‍ണാടകയിലെ ബെംഗളൂരില്‍ കോവിഡ് സ്ഥിരീകരിച്ച 3,300 ലധികം രോഗികളെ കാണാനില്ലെന്ന റിപ്പോര്‍ട്ടുമായി അധികൃതര്‍. കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് എന്ന് സ്ഥിരീകരിച്ച 3,338 പേര്‍ ‘കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങള്‍ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ച ആളുകളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.

നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങള്‍ കോവിഡ് സ്ഥിരീകരിച്ച 3,338 കോവിഡ്-19 ബാധിതരെ ഇതു വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. ആകെ രോഗബാധിതരുടെ ഏഴ് ശതമാനത്തോളം വരുമിത്. നിലവിലില്ലാത്ത അഡ്രസാണ് പരിശോധനാ റിപ്പോര്‍ട്ടില്‍ നല്‍കിയതെന്നതിനാല്‍ പരമാവധി ശ്രമിച്ചിട്ടും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കോവിഡ് പോസിറ്റീവായ കുറച്ചു പേരെ പോലീസിന്റെ സഹായത്തോടെ കണ്ടെത്തിയെങ്കിലും 3,338 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പരിശോധനയ്ക്കെത്തിയ മിക്കവരും തെറ്റായ ഫോണ്‍ നമ്പറും മേല്‍വിലാസവുമാണ് നല്‍കിയതെന്നും മുന്‍സിപ്പല്‍ കമ്മിഷണര്‍ എന്‍ മഞ്ജുനാഥ് പ്രസാദ് വ്യക്തമാക്കി. പരിശോധനാഫലം ലഭിച്ചയുടനെ പലരും അപ്രത്യക്ഷരായതായും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രോഗബാധയുള്ള എല്ലാവരേയും കണ്ടെത്തുകയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ രോഗബാധിതരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാഥമിക പരിഗണനയെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വന്ത് നാരായണ്‍ അറിയിച്ചു.

കര്‍ണാടകയിലെ കൊറോണ വൈറസ് കേസുകളില്‍ പകുതിയും ബെംഗളൂരു നഗരത്തില്‍ നിന്നാണ് വരുന്നതെന്നിരിക്കെയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പരിശോധനാഫലം പോസിറ്റീവായവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥായാണുള്ളത്. അതേസമയം, സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചതായതായി രോഗികളില്‍ നിന്നും വിവരം ലഭിക്കുന്നുമില്ല.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ബെംഗളൂവില്‍ വന്‍ തോതിലുള്ള വര്‍ധനവാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗികളുടെ എണ്ണം 16,000 ല്‍ നിന്ന് 27,000 ലേക്ക് കുതിച്ചു. ശനിയാഴ്ച കര്‍ണാടകയിലെ ഒറ്റദിവസത്തെ കൊറോണ സ്ഥിരീകരണം 5,072 ആയിരുന്നു. പുതിയ 5,072 കേസുകളില്‍ 2,036 കേസുകള്‍ ബെംഗളൂരു നഗരത്തില്‍ നിന്ന് മാത്രമാണുതാനും.
ആകെ പോസിറ്റീവ് കേസുകളുടെ പട്ടികയിലും 43,503 പേരുമായി ബെംഗളൂരു നഗര ജില്ലയാണ് മുന്നില്‍, ദക്ഷിണ കന്നഡ 4,607, കലബുരഗി 3,712 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ അണുബാധ കണക്ക്. അതിനിടെ ജൂലൈ 22വരെ ബെംഗളൂരുവില്‍ ഒരാഴ്ച നീണ്ടുനിന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് പകരുന്നത് തടയാന്‍ കര്‍ണാടക ഈ മാസം ഞായറാഴ്ച അടച്ചുപൂട്ടല്‍ നടപ്പാക്കിയിട്ടുണ്ട്.

SHARE