ന്യൂഡല്‍ഹി: കോവിഡ് 19 രോഗികളായി 3,940 പുതിയ കേസുകള്‍ ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഇതോടെ ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം 28,600 കവിഞ്ഞു. ചൈനയ്ക്ക് പുറത്ത് 104 രാജ്യങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 3,948 കേസുകള്‍ വര്‍ദ്ധിച്ച് ചൈനക്ക് പുറത്ത് ആകെ രോഗികളുടെ എണ്ണം 28,673 ആയി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. ചൈനയ്ക്ക് പുറത്തുള്ള മരണസംഖ്യ 202 ല്‍ നിന്ന് 686 ആയി ഉയര്‍ന്നതായും ലോകാരോഗ്യ സംഘടനയുടെ പുതിയ കൊറോണ വൈറസ് രോഗാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്താകെ ഇതുവരെ ഒരു ലക്ഷത്തിലേറെ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അറുപതിനായിരത്തിലധികം പേര്‍ രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ പുതിയ കോവിഡ്-19 അണുബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളിലായി നാലു പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 44 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജമ്മുവില്‍ ഇറാനില്‍ നിന്നെത്തിയ 63കാരിക്കാണ് വൈറസ് ബാധയേറ്റത്. ഇവിടെ 400 പേര്‍ നിരീക്ഷണത്തിലാണ്. ടെക്‌സാസില്‍ നിന്നും മടങ്ങി എത്തിയ 40കാരനാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ സുധാകര്‍ പറഞ്ഞു.
കര്‍ണാടകയിലെ ആദ്യ കേസാണിത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച 150 പേരുടെ പരിശോധനാ ഫലം പുനെ വൈറോജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പുറത്തുവരാനുണ്ട്. ഇതോടെ ഇന്ത്യയിലെ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം ഉയരുമെന്നാണ് കരുതുന്നത്. കേരളത്തില്‍ ആറുപേരിലാണ് 48 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിലാകെയുണ്ടായ 43 കേസുകളില്‍ മൂന്നുപേര്‍ കേരളത്തില്‍ രോഗം ബാധിച്ച് സുഖപ്പെട്ടവരാണ്. നിലവില്‍ ചികിത്സയിലുള്ളത് 40 പേരാണ്. എന്നാല്‍ രോഗബാധയുള്ളവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ഇന്ത്യയില്‍ ഇതുവരെ 3003 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 43 സാമ്പിളുകള്‍ പോസ്റ്റീവാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. 2694 സാമ്പിളുകള്‍ നെഗറ്റീവാണ്. 8,74,708 രാജ്യാന്തര യാത്രക്കാരെയും 8,255 വിമാനങ്ങളും സ്‌ക്രീനിങിന് വിധേയമാക്കിയതായും 1.921 യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. ഇതില്‍ 177 പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 33,599 പേര്‍ നിരീക്ഷണത്തിലാണ്. 21,867 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
അതിനിടെ മംഗളൂരുവില്‍ കൊറോണ സംശയിച്ചയാള്‍ ആസ്പത്രിയില്‍ നിന്നും രക്ഷപ്പെട്ടു. വെന്‍ലോക് ആസ്പത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 35കാരനാണ് രക്ഷപ്പെട്ടത്. ദുബൈയില്‍ നിന്നും ഞായറാഴ്ചയാണ് ഇയാള്‍ എത്തിയത്.
കോവിഡ് ബാധ രൂക്ഷമായ ഇറാനില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി വ്യോമസേനയുടെ പ്രത്യേക വിമാനം തിരിച്ചെത്തി. 58 അംഗ ആദ്യ സംഘവുമായാണ് തിരിച്ചെത്തിയത്.
മത്സ്യ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ തുടങ്ങിയവരാണ് ഇറാനില്‍ കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും വിദഗ്ധരെ ഇറാനിലേക്ക് അയച്ചിരുന്നു. 108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും ഇവര്‍ക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയ എംബസി ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ സംഘം, വ്യോമസേന എന്നിവര്‍ക്ക് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നന്ദി അറിയിച്ചു.
ഇന്നലെ കൊച്ചിയില്‍ നിന്നും ബഹറൈന്‍ വഴി സഊദിയിലേക്ക് പുറപ്പെട്ട വിമാനത്തിന് സഊദി ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് യാത്രക്കാരെ കൊച്ചിയിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. അതേ സമയം 100 രാജ്യങ്ങളിലായി 110,000 പേര്‍ക്ക് കോവിഡ് രോഗം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 3883 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ചൈന , ഇറ്റലി (377), ഇറാന്‍ (237) എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പടരുന്ന പശ്ചാതലത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഇന്നലെ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യക്കാര്‍ക്ക് ഖത്തര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഖത്തറില്‍ താമസ വിസയുള്ളവര്‍, വിസിറ്റ് വിസക്കാര്‍ എന്നിവര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്ത് പ്രവേശിക്കാന്‍ കഴിയില്ല. സഊദി അറേബ്യയും ഒമ്പത് രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. അതേ സമയം കോവിഡ് പടര്‍ന്നു പിടിക്കുന്ന പശ്ചാതലത്തില്‍ അസംസ്‌കൃത എണ്ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. വിപണിയില്‍ ആവശ്യം കുറഞ്ഞതോടെ സഊദി അറേബ്യ വില വെട്ടിക്കുറച്ച് റഷ്യയുമായി മത്സരത്തിലേര്‍പ്പെട്ടതുമാണ് വില ഇടിയാന്‍ കാരണം. 1991ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ക്രൂഡ് ഓയില്‍ വില ബാരലിന് 31.02 ഡോളറിലെത്തിയിട്ടുണ്ട്.