ഡല്‍ഹി ജനസംഖ്യയുടെ 23 ശതമാനം പേര്‍ക്കും ഇതിനോടകം കോവിഡ് ബാധിച്ചുവെന്ന് പഠനം

ന്യൂഡല്‍ഹി: ഡല്‍ഹി ജനസംഖ്യയുടെ 23 ശതമാനത്തില്‍ അധികം പേര്‍ക്കും ഇതിനോടകം കോവിഡ് ബാധിച്ചുവെന്ന് പഠനം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ സെറോളജിക്കല്‍ സര്‍വേയിലാണ് കണ്ടെത്തല്‍. ഡല്‍ഹിയിലെ 23.48 ശതമാനം ആളുകളിലും കോവിഡിന് എതിരായ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയതായി വ്യക്തമാക്കുന്നത്.

ചൊവ്വാഴ്ചയാണ് സര്‍വേ ഫലം പുറത്തെത്തിയത്. ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെയാണ് പഠനം നടത്തിയത്. ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ച ആളുകളില്‍ വലിയൊരു വിഭാഗത്തിനും ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍, കൈകള്‍ വൃത്തിയായി സൂക്ഷിക്കല്‍, ചുമയ്ക്കുമ്പോള്‍ പുലര്‍ത്തേണ്ട മര്യാദകള്‍, ആള്‍ക്കൂട്ടം ഉള്ളയിടങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്നും പഠനം പറയുന്നു.

SHARE