വമ്പന്‍ ട്രാന്‍സ്ഫര്‍; ഉസ്മാന്‍ ഡെംബലെ ബാഴ്‌സലോണയില്‍

ബാഴ്‌സലോണ: നെയ്മറിന്റെ ശൂന്യത നികത്താന്‍ ബാഴ്‌സലോണ ഫ്രഞ്ച് യുവ താരം ഉസ്മാന്‍ ഡെംബലെയെ സ്വന്തം കൂടാരത്തിലെത്തിച്ചു. 20 കാരനായ ഡെംബലെ ബൊറൂസിയ ഡോട്മണ്ടില്‍ നിന്നും 125 മില്യന്‍ ഡോളറിനാണ് സ്പാനിഷ് ജയന്റ്‌സ് അഞ്ചു വര്‍ഷ കരാറില്‍ സ്വന്തമാക്കിയത്. 125 മില്യന്‍ ഡോളറിന് പുറമെ മറ്റ് ഇനങ്ങളിലായി 42 മില്യന്‍ യൂറോ കൂടി ഡെംബലെക്ക് ലഭിക്കും. ബാഴ്‌സയില്‍ നിന്നും പി.എസ്.ജിയിലേക്ക് നെയ്മറിന്റെ കൂടുമാറ്റം കഴിഞ്ഞാല്‍ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയാണിത്. എഫ്.സി ബാഴ്‌സയും ബൊറൂസിയ ഡോട്മണ്ടും തമ്മില്‍ 125 മില്യന്‍ ഡോളറിന്റെ കരാറിലെത്തിയതായി ബാഴ്‌സലോണ പ്രസ്താവനയിലൂടെ അറിയിച്ചു.


ഫ്രാന്‍സിനു വേണ്ടി ഏഴ് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുള്ള താരം ഞായറാഴ്ച വൈദ്യ പരിശോധക്കായി ബാഴ്‌സലോണയില്‍ എത്തും. കഴിഞ്ഞ വര്‍ഷെ റെന്നിസില്‍ നിന്നും വെറും 15 മില്യന്‍ യൂറോക്കാണ് ഡെംബലെയെ ഡോട്മണ്ട് സ്വന്തമാക്കിയത്. ഫ്രാന്‍സിന്റെ നെതര്‍ലന്‍ഡ്‌സ്, ലക്‌സംബര്‍ഗ് ടീമുകള്‍ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും ഡെംബലെയെ കോച്ച് ദിദിയര്‍ ഡെഷാംപ്‌സ് ഒഴിവാക്കിയിരുന്നു.