സമത്വത്തിനായി ജീവരക്തം കൊടുത്ത് നേടിയ സ്വാതന്ത്ര്യം; ഭരണകൂട അജണ്ടക്കെതിരെ ഒന്നിച്ചുനിന്നു പൊരുതുമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: അര്‍ദ്ധരാത്രിയില്‍ മോദി സര്‍ക്കാര്‍ പാസാക്കിയെടുത്ത വിവാദ ബില്ലിനെതിരെ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നമ്മുടെ ഭരണഘടനയെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ വ്യവസ്ഥാപിതമായ അജണ്ടക്കെതിരെ നമ്മള്‍ ഒന്നിച്ചു നിന്നു പൊരുതുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അര്‍ദ്ധരാത്രിയില്‍ പാസാക്കിയതിലൂടെ മതഭ്രാന്തിന്റെയും സങ്കുചിത്വത്തിന്റെയും കാഴ്ച ഇന്ത്യ കണ്ടുവെന്നും ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും എല്ലാവരും ഉള്‍ക്കൊണ്ട കരുത്തുറ്റ ഇന്ത്യയാണ് ജനങ്ങളുടെ സ്വപ്‌നമെന്നും പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

കഴിഞ്ഞ രാത്രി, അര്‍ദ്ധരാത്രിയില്‍ ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസായതിലൂടെ മതഭ്രാന്തിന്റെയും സങ്കുചിത്വത്തിന്റെയും കാഴ്ച ഇന്ത്യ കണ്ടു. നമ്മുടെ പൂര്‍വ്വികര്‍ ജീവരക്തം കൊടുത്താണ് നമ്മുടെ സ്വാതന്ത്ര്യം നേടിത്തന്നത്. ആ സ്വതന്ത്ര്യത്തില്‍ സമത്വത്തിനു വേണ്ടിയുള്ള അവകാശമുണ്ട്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമുണ്ട്’ പ്രിയങ്ക പറഞ്ഞു.

നമ്മുടെ ഭരണഘടന, നമ്മുടെ പൗരത്വം, ഒരു ശക്തവും കരുത്തുറ്റതുമായ ഇന്ത്യയ്ക്കു വേണ്ടിയുള്ള സ്വപ്‌നം എല്ലാം നമ്മള്‍ എല്ലാവരുടേതുമാണ്. നമ്മുടെ ഭരണഘടനയെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ വ്യവസ്ഥാപിതമായ അജണ്ടക്കെതിരെ നമ്മള്‍ ഒന്നിച്ചു നിന്നു പൊരുതും. ഏത് മൗലിക പരിസരത്തിലാണോ നമ്മുടെ രാജ്യമുള്ളത് അതിനായി യത്‌നിക്കും’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്ര മന്ത്രി അമിത് ഷാ അവതരിപ്പിച്ച പൗരത്വ ബില്‍ ഒരു പകല്‍ മുഴുവന്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് 80നെതിരെ 311 വോട്ടുകള്‍ക്കാണ് ലോക്‌സഭ പാസാക്കിയത്. ബില്‍ നാളെ രാജ്യസഭ ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെ രാജ്യത്ത് വന്‍ പ്രക്ഷോഭമാണ് ഉയരുന്നത്.

SHARE