ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രസിന്ധിയിലായ പ്രവാസികളുടെ ദുരിതം ജീവിതം കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് 19 പ്രതിസന്ധിയും മിഡില്‍ ഈസ്റ്റിലെ ബിസിനസുകള്‍ അടച്ചുപൂട്ടലും കാരണം തൊഴിലാളികളായ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ അവിടെ കടുത്ത ദുരിതം അനുഭവിക്കുകയാണെന്നും അവരെ നാട്ടിലെത്തിക്കാന്‍ പദ്ധതികളുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ആവശ്യമുന്നയിച്ചത്.
കോവിഡ് 19 പ്രതിസന്ധിയും മിഡില്‍ ഈസ്റ്റിലെ ബിസിനസുകള്‍ അടച്ചുപൂട്ടലും ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളെ അഗാധമായ ദുരിതത്തിലേക്കും നിരാശയിലേക്കും തള്ളിയിട്ടിരിക്കുകയാണ്. നമ്മുടെ സഹോദരീസഹോദരങ്ങള്‍ സഹായം ആവശ്യമുള്ള അത്യാവശ്യ ഘട്ടത്തിലാണ്. അവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയാണ്. വീട്ടിലേക്ക് കൊണ്ടുവരുന്നതിനായി സര്‍ക്കാര്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണം. ക്വാറന്റൈന് സംബന്ധമായ പദ്ധതികള്‍ നിലവിലുള്ളതായും, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പദ്ധതികളുമായി കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങി നില്‍ക്കെ നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് കൊറന്റൈന് സൗകര്യമൊരുക്കാന്‍ തയ്യാറായി മുസ്ലിം സംഘടനാ നേതാക്കളും രംഗത്തെത്തിയിരുന്നു.
നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മുസ്ലിം ലീഗ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും വാഹനങ്ങളും വിട്ടുനല്‍കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
അതേസമയം, ജിസിസി യിലെ കോവിഡ് വ്യാപനം സംബന്ധിച്ചു കെ.എം.സി.സി നേതാക്കളുമായി വീഡിയോ കോൺഫ്രൻസിലൂടെ മുസ്ലിം ലീഗ് നേതാക്കൾ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ്. ജയശങ്കര്‍, സഹമന്ത്രി വി. മുരളീധരന് എന്നിവരുമായി ഫോണില്‍ സംസാരിച്ചതായും പ്രായോഗികമായ ചില പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നടപടികള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നതായും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.