ടിക്കറ്റിനായി ഒ.ടി.പി ചോദിച്ച് പണം തട്ടിപ്പ്; പ്രവാസികള്‍ ജാഗ്രതൈ

ദുബൈ: കോവിഡ് മഹാമാരിയെ തുടര്‍ന്ന് നാട്ടിലേക്ക പോകുന്ന പ്രവാസികളെ ലക്ഷ്യമിട്ട് തട്ടിപ്പു സംഘങ്ങള്‍ സജീവം. ടിക്കറ്റിനായി ഒ.ടി.പി (വണ്‍ ടൈം പാസ്‌വേഡ്) ചോദിച്ചാണ് തട്ടിപ്പു നടത്തുന്നത്. ഇത്തരം തട്ടിപ്പിനെ കുറിച്ച് ശ്രദ്ധയില്‍പ്പെട്ടതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മൊബൈല്‍ ഫോണില്‍ ഒ.ടി.പി വരുമെന്നും അത് പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എംബസിയില്‍ നിന്നാണെന്ന വ്യാജേന ഫോണ്‍ വിളിയെത്തുന്നത്. ഇത്തരത്തില്‍ തങ്ങള്‍ക്ക് കോളുകള്‍ വന്നതായി ചില പ്രവാസികള്‍ പറഞ്ഞു. ആരുടെയെങ്കിലും പണം അപഹരിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല.

തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി. ‘നാട്ടിലേക്കുള്ള യാത്രയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഇന്ത്യക്കാരെ ഫോണില്‍ വിളിക്കുന്നതായും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും ആവശ്യപ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍, പ്രവാസികളുടെ അക്കൗണ്ട് വിവരങ്ങള്‍ കോണ്‍സുലേറ്റ് ശേഖരിക്കുന്നില്ല. ടിക്കറ്റിനുള്ള പണം വിമാന കമ്പനികളില്‍ നേരിട്ടാണ് അടയ്‌ക്കേണ്ടത്’ – കോണ്‍സുലേറ്റ് വ്യക്തമാക്കി.

നേരത്തെ, ഇന്ത്യയില്‍ നിന്നുള്ള രക്ഷാവിമാനങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഗിള്‍ ഫോമുകള്‍ എന്ന പേരില്‍ ലിങ്കുകള്‍ വാട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. ‘ഇന്ത്യയില്‍ നിന്നുള്ള രക്ഷാ വിമാനങ്ങള്‍’ എന്ന തലക്കെട്ടിലാണ് സന്ദേശം പ്രചരിച്ചിരുന്നത്. അമേരിക്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്താന്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് വാട്‌സ് ആപ്പ് സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്നും ഔദ്യോഗിക എംബസി വഴി മാത്രമേ യാത്രാ രേഖകളും മറ്റും ശരിയാക്കുന്നുള്ളൂ എന്നും കേന്ദ്രസര്‍ക്കാര്‍ വ്യ്ക്തമാക്കിയിട്ടുണ്ട്.

SHARE