കോവിഡ് മരണനിരക്കില്‍ ചൈന കള്ളം പറഞ്ഞോ? ലോകാരോഗ്യ സംഘടനയ്ക്ക് പറയാനുള്ളത് ഇതാണ്

ജനീവ: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പരിഷ്‌കരിച്ച ചൈനയുടെ നടപടിയെ ന്യായീകരിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് നിയന്ത്രണത്തില്‍ വരുന്ന സമയത്ത് മറ്റു രാഷ്ട്രങ്ങളും ഇതു പോലെ തങ്ങളുടെ മരണനിരക്കുകള്‍ പുതുക്കുമെന്ന് സംഘടന വ്യക്തമാക്കി.

‘കേസുകളും മരണങ്ങളും തിരിച്ചറിയുക എന്നത് ഈ മഹാമാരിക്കാലത്ത് വെല്ലുവിളി തന്നെയാണ്. പല രാഷ്ട്രങ്ങളും ഇതേ സാഹചര്യത്തിലാണ് ഉള്ളത്. അവര്‍ പിന്നീട് ഇക്കാര്യങ്ങള്‍ അപഗ്രഥിച്ച് തിരുത്തല്‍ വരുത്തും’ – ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ മരണനിരക്ക് അമ്പത് ശതമാനത്തോളമാണ് ചൈന പരിഷ്‌കരിച്ചിരുന്നത്. 1290 മരണങ്ങളാണ് ചൈന പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 2579 മരണങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇത് 3869 ആക്കി പുതുക്കുകയായിരുന്നു. 325 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മഹാമാരിയില്‍ ചൈന പുറത്തുവിടുന്ന കണക്കുകളിലെ സുതാര്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു ഈ തിരുത്ത്.

യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ ചൈനയുടെ കണക്കുകളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പുതിയ കണക്കോടെ ചൈനയിലെ മൊത്തം മരണനിരക്ക് 3346ല്‍ നിന്ന് 4636 ആയി വര്‍ദ്ധിച്ചു. മരണങ്ങളില്‍ 4512 ഉം വുഹാന്‍ ഉള്‍പ്പെട്ട ഹുബെയ് പ്രവിശ്യയിലാണ്.

കോവിഡ് കാലത്ത് വുഹാനിലെ ആരോഗ്യരംഗം തകര്‍ന്നതായും വീടുകളിലെ മരണങ്ങള്‍ സര്‍ക്കാര്‍ കണക്കുകളില്‍ വന്നില്ല എന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെ രോഗികളെ ശ്രദ്ധിക്കുന്നതിലായിരുന്നു ഭരണകൂടത്തിന്റെ ശ്രദ്ധ. അതു കൊണ്ടു തന്നെ ഇതിന്റെ കടലാസു ജോലികള്‍ കൃത്യമായി നടന്നിട്ടില്ല. എല്ലാ രാജ്യങ്ങളും ഈ അവസ്ഥ അഭിമുഖീകരിക്കും- സംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.