തിരൂരില്‍ നിന്ന് ബിഹാറിലേക്ക് പോയ അതിഥി തൊഴിലാളികളില്‍ നിന്ന് റെയില്‍വേ ഈടാക്കിയ തുക 10,37,400 രൂപ

മലപ്പുറം: തിരൂരില്‍നിന്ന് ശനിയാഴ്ച തീവണ്ടിയില്‍ ബിഹാറിലേക്ക് പോയ അതിഥിത്തൊഴിലാളികളില്‍നിന്ന് റെയില്‍വേ ഈടാക്കിയത് 10,37,400 രൂപ. കോവിഡ് കാരണം നാട്ടിലേക്ക മടങ്ങുകയായിരുന്ന തൊഴിലാളികളില്‍ നിന്നാണ് ഈ തുക ഈടാക്കിയത്. അതിഥി തൊഴിലാളികളില്‍ നിന്ന് തുക ഈടാക്കുന്നത് സംബന്ധിച്ച് വിവാദം നിലനില്‍ക്കുമ്പോഴാണ് ഈ കൊള്ള.

തിരൂരില്‍നിന്ന് ബിഹാറിലെ ധാനാപുരിലേക്ക് പ്രത്യേക തീവണ്ടിയില്‍ പോയത് കുട്ടികളടക്കം 1138 പേരാണ്. 1140 സീറ്റാണ് 06080 തിരൂര്‍-ഡി.എന്‍.ആര്‍ തീവണ്ടിയിലുണ്ടായിരുന്നത്. ഒരാള്‍ക്ക് 910 രൂപവീതം 1140 ടിക്കറ്റിന്റെ തുക റവന്യു അധികൃതര്‍ തൊഴിലാളികളില്‍നിന്ന് ഈടാക്കി റെയില്‍വേയില്‍ അടച്ചു. യാത്രക്കായി പേര് രജിസ്റ്റര്‍ചെയ്ത രണ്ട് തൊഴിലാളികള്‍ റെയില്‍വേസ്റ്റേഷനില്‍ എത്താത്തതിനാല്‍ ടിക്കറ്റ് തുകയായ 1820 രൂപ റവന്യു അധികാരികളുടെ കീശയില്‍നിന്ന് നഷ്ടമായി.

ലോക്ഡൗണ്‍ തുടങ്ങി 39 ദിവസം ജോലിയില്ലാതെ ഭക്ഷണത്തിനുപോലും പണമില്ലാതെ പ്രയാസപ്പെട്ട തൊഴിലാളികളോട് യാത്രപോകേണ്ട ദിവസം രാവിലെ ടിക്കറ്റ് തുകയായ 910 രൂപയുമായി റെയില്‍വേസ്റ്റേഷനിലേക്ക് പോകണമെന്ന് പറഞ്ഞതുതന്നെ വിവാദമായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈമലര്‍ത്തി. പണം ൈകയിലില്ലാത്ത തൊഴിലാളികളില്‍ പലര്‍ക്കും നാട്ടിലേക്ക് യാത്രചെയ്യാനും കഴിഞ്ഞില്ല.