അതിഥി തൊഴിലാളികളെ ചരക്കുലോറിയില്‍ വാളയാര്‍ അതിര്‍ത്തി കടത്താന്‍ ശ്രമം

അതിഥി തൊഴിലാളികളെ ചരക്കു വാഹനത്തില്‍ വാളയാര്‍ അതിര്‍ത്തി കടത്താന്‍ നീക്കം. ഗുരുവായൂരില്‍ നിന്ന് പിക്ക്അപ്്ലോറിയിലാണ് 25 ഓളം തൊഴിലാളികളെ എത്തിച്ചത്. കല്ലേക്കാട് വച്ച് ഇവരെ പൊലീസ് തടഞ്ഞു. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകുകയാണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ ചിലരുടെ പരാതി തങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നായിരുന്നു. ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എഴുതി വാങ്ങിയ ഒരു കത്തും അതിഥി തൊഴിലാളികള്‍ പൊലീസിനെ കാണിച്ചു. അടുത്ത ബന്ധുവിനെ മാത്രം മരണാനന്തര ചടങ്ങിന് പോകാന്‍ അനുവദിക്കാമെന്ന് നിലപാടെടുത്തതോടെ ഇവര്‍ മടങ്ങിപോകുകയായിരുന്നു. എങ്ങിനെയാണ് ഗുരുവായൂര്‍ പൊലീസ് ഇത്തരമൊരു കത്ത് നല്‍കുക എന്ന് പരിശോധിക്കുന്നുണ്ടെന്ന് എസ്പി അറിയിച്ചു.