ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുനവ്വറലി തങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

മലപ്പുറം: കച്ചവടക്കാരും, തൊഴിലാളികളും, വിദ്യാര്‍ത്ഥികളുമായി വിവിധ ആവശ്യങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളില്‍ പോയി അവിടെ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍, ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണില്‍, കുടുങ്ങി കിടക്കുകയാണ് ഇവര്‍. ഈ ലോക് ഡൗണ്‍ കാലത്ത് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ ചില സന്നദ്ധ സംഘടനകളുടെയും അയല്‍വാസികളുടെയും സുഹൃത്തുക്കളുടേയും കരുണയില്‍ ദിവസങ്ങള്‍ തള്ളി നീക്കുകയാണവര്‍.

നിരവധി പേര്‍ ലോഡ്ജ് എടുത്ത് കുടുങ്ങി വാടക പോലും കൊടുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ്. മാസം തോറും ഡോക്ടര്‍മാരെ കണ്ട് ചികില്‍സ തേടുന്ന നിത്യരോഗികള്‍ വരെ അക്കൂട്ടത്തിലുണ്ട്. ഇത്തരത്തില്‍ ആയിരങ്ങളാണ്, പ്രധാനമന്ത്രി വീണ്ടും നീട്ടിയ ലോക്ക് ഡൗണില്‍ വലിയ കുരുക്കില്‍ അകപ്പെട്ടുപോയിരിക്കുന്നത്.

ഏപ്രില്‍ 15 ന് ശേഷം, ട്രൈനുകള്‍ക്ക് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വരെ ഇപ്പോഴിതാ നിര്‍ഭാഗ്യവശാല്‍ ലോക് ഡൗണ്‍ നീട്ടിയതോടെ ഏറെ ആശങ്കയിലകപ്പെട്ടിരിക്കുകയാണ്. നിരവധി മലയാളികള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാടിലെ ചെന്നൈ, സേലം, ഈ റോഡ്, തിരിപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂര്‍, ഗുജ്‌റാത്ത് തുടങ്ങിയ വന്‍ നഗരങ്ങളിലും മറ്റു വിവിധ പ്രദേശങ്ങളിലും അകപ്പെട്ട് സഞ്ചരിക്കാനാവാതെ വളരെ വലിയ പ്രതിസന്ധിയിലകപ്പെട്ടിരി ക്കുകയാണ്.

ഇവരുടെ കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് ,സത്വര നടപടി കൈകൊള്ളാന്‍ താങ്കള്‍ മുന്‍കയ്യെടുക്കണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.