ഉസാമയുടെ മരണത്തിന് മകന്‍ പ്രതികാരം ചെയ്‌തേക്കും

വാഷിങ്ടണ്‍: ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ അല്‍ഖാഇദയുടെ നേതൃപദവി ഏറ്റെടുക്കുകയും പിതാവിന്റെ മരണത്തിന് പ്രതികാരത്തിന് മുതിരുകയും ചെയ്‌തേക്കുമെന്ന് വെളിപ്പെടുത്തല്‍. പാകിസ്താനിലെ അബോത്താബാദില്‍ ഉസാമയെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഒളിസങ്കേതത്തില്‍നിന്ന് കിട്ടിയ കത്തുകള്‍ പരിശോധിച്ച മുന്‍ എഫ്.ബി.ഐ ഉദ്യോഗസ്ഥന്‍ അലി സൗഫാനാണ് ഹംസയുടെ തിരിച്ചുവരവിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുന്നത്. 22 വയസുള്ളപ്പോള്‍ ഹംസ എഴുതിയ കത്തുകളിലെല്ലാം ഉസാമയുടെ തീവ്രവാദ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട്.

amd-omar-jpg

ഇപ്പോള്‍ 28 വയസുള്ള ഹംസ അല്‍ഖാഇദയുടെ നേതൃത്വം ഏറ്റെടുക്കുകയും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമം നടത്തുകയും ചെയ്‌തേക്കും. താങ്കള്‍ എനിക്കു തന്ന ഓരോ കരുതലും പുഞ്ചിരിയും എന്നോടു പറഞ്ഞ വാക്കുകളും ഞാന്‍ ഓര്‍ക്കുന്നുവെന്നാണ് ഉസാമക്കുള്ള ഒരു കത്തില്‍ ഹംസ പറയുന്നത്. പിതാവിനോട് ചെയ്തതിന് പ്രതികാരമുണ്ടാകുമെന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ ഹംസ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. അബോത്താബാദിലെ ഒളിത്താവളത്തില്‍നിന്ന് കിട്ടിയ കത്തുകളെല്ലാം അമേരിക്ക രഹസ്യമാക്കിവെച്ചിരിക്കുകയാണ്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അല്‍ഖാഇദയില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന വ്യക്തിയാണ് ഹംസയെന്ന് സൗഫാന്‍ പറയുന്നു. അല്‍ഖാഇദയുടെ പല പ്രചാരണ വീഡിയോകളിലും കുട്ടിയായിരുന്ന ഹംസ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

SHARE