വാര്‍ഡ് വിഭജനം; ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനെ ഗവര്‍ണര്‍ ഇക്കാര്യം നേരിട്ടറിയിച്ചു. ഇത്തരം കാര്യങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണം. അല്ലാതെ ഓര്‍ഡിനന്‍സ് ഇറക്കുകയല്ല വേണ്ടതെന്നും ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചു.
സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ നിലപാടില്‍ അമര്‍ഷമുണ്ടെന്ന കാര്യവും ഗവര്‍ണര്‍ മന്ത്രിയെ അറിയിച്ചു. ഗവര്‍ണറുടെ നിലപാട് സംസ്ഥാനത്ത ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
ഇത് സംബന്ധിച്ച് കേന്ദ്രഗവണ്‍മെന്റില്‍ നിന്നും ലഭിച്ച നിര്‍ദേശം പൂര്‍ണമായി പാലിക്കുകയാണെന്നും ആരോപണമുണ്ട്. വരും ദിവസങ്ങളിലും സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാനാണ് സാധ്യത. ഓര്‍ഡനന്‍സുകളുടെ കാര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. പൗരത്വഭേദഗതിക്ക് മാത്രമായി നിയമസഭ വിളിച്ചു കൂട്ടിയ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നതിന് പകരം ഓര്‍ഡിനന്‍സ് രാജ് നടപ്പാക്കുകയാണെന്നുമാണ് ഗവര്‍ണറുടെ നിലപാട്. വാര്‍ഡുകള്‍ വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നേരത്തെ തന്നെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. പ്രതിപക്ഷനേതാവ് നല്‍കിയ പരാതിയില്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ട രേഖകള്‍ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച തന്നെ നല്‍കിയിരുന്നു.
വാര്‍ഡുകളെ വിഭജിക്കാനായി സര്‍ക്കാര്‍ ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. 2011ലെ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ഡുകള്‍ വിഭജിക്കണം എന്ന് നേരത്തെ രണ്ട് തവണ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയം മൂലം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. വാര്‍ഡ് വിഭജനത്തില്‍ രാഷ്ട്രീയ അടിസ്ഥാനത്തിലായിരിക്കും എന്ന ആശങ്ക ഉയര്‍ത്തയാണ് ഈ പരിഷ്‌കാരത്തെ യുഡിഎഫ് എതിര്‍ക്കുന്നത്.
ഈ വര്‍ഷം നടക്കുന്ന സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക തന്നെ ഉപയോഗിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വാര്‍ഡ് വിഭജനം നടത്തി വോര്‍ട്ടര്‍മാരെ വേര്‍തിരിക്കുന്നത് തന്നെ വലിയൊരു ജോലിയാണ്. ഈ സാഹചര്യത്തില്‍ വോട്ടര്‍ പട്ടിക സമ്പൂര്‍ണമായി മാറ്റുന്നത് അസാധ്യമാണെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നേരത്തെ എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വോട്ടര്‍ പട്ടിക തയ്യാറാക്കുകയാണെങ്കില്‍ അതിനായി വീണ്ടും വീടുകള്‍ തോറും എത്തി വിവരങ്ങള്‍ പരിശോധിക്കേണ്ടി വരും. ഇതിനായി പത്ത് കോടിയോളം രൂപ ചെലവാക്കണം എന്നാണ് ഏകദേശ കണക്ക്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ സംസ്ഥാന സര്‍ക്കാറും നിലപാട് മാറ്റിയിട്ടുണ്ട്. 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് കാണിച്ച് കമ്മീഷന് മുമ്പ് കത്തയച്ച സര്‍ക്കാര്‍ ഇപ്പോള്‍ കമ്മീഷനുമായി ഏറ്റുമുട്ടാനില്ലെന്ന നിലപാടിലേക്ക് മാറി.

SHARE