ജസ്റ്റിസ് ലോയയുടെ മരണം; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു

ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ അസ്വാഭാവിക മരണത്തെപ്പറ്റി സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. 15 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 114 എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്.

ബി.ജെ.പി പ്രസിഡണ്ട് അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം സംശയാസ്പദമാണെന്നും എന്‍.ഐ.എയോ സി.ബി.ഐയോ അല്ലാതെ കോടതിയുടെ മേല്‍നോട്ടത്തിലുള്ള സംഘം അന്വേഷണം നടത്തണമെന്നുമാണ് പ്രതിപക്ഷ സംഘം രാഷ്ട്രപതിക്ക് സമര്‍പ്പിച്ച കത്തില്‍ ആവശ്യപ്പെട്ടത്. തങ്ങളുടെ ആവശ്യത്തോട് രാഷ്ട്രപതി അനുഭാവ പൂര്‍വമാണ് പ്രതികരിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

’15 പാര്‍ട്ടികളില്‍ നിന്നായി 114 എം.പിമാരാണ് പത്രികയില്‍ ഒപ്പുവെച്ചത്. രാഷ്ട്രപതി ഞങ്ങളോട് അനുഭാവ പൂര്‍വമാണ് പ്രതികരിച്ചത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നും പ്രത്യേകാന്വേഷണ സംഘം അന്വേഷണിക്കണമെന്നും ലോക്‌സഭയിലെയും രാജ്യസഭയിലെയും നിരവധി എം.പിമാര്‍ കരുതുന്നു. സി.ബി.ഐ ജഡ്ജിയുടെ അസ്വാഭാവിക മരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കും ആശങ്കയുണ്ട്. സ്വതന്ത്ര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം’ – രാഹുല്‍ ഗാന്ധി പറഞ്ഞു.

സി.ബി.ഐയിലെയും എന്‍.ഐ.എയിലെയും ഒരു ഓഫീസര്‍ പോലും പ്രത്യേകാന്വേഷണ സംഘത്തില്‍ ഉണ്ടാവരുതെന്നും ശരിയായ രീതിയില്‍ അന്വേഷണം നടന്നില്ലെങ്കില്‍ പാര്‍ട്ടി രാജ്യത്തെ ഓരോ ഗ്രാമത്തിലും പ്രചരണം നടത്തുമെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

2014 ഡിസംബറില്‍ ഒരു സഹപ്രവര്‍ത്തകയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ ദുരൂഹ സാഹചര്യത്തിലുണ്ടായ ലോയയുടെ മരണത്തെ പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ബി.ജെ.പിയുടെ അടുപ്പക്കാരനെന്ന് ആരോപണമുള്ള മിശ്ര, അമിത് ഷാക്കു നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്ന കേസില്‍ വാദം കേള്‍ക്കുന്നതിനെതിരെ രാഷ്ട്രീയ, നിയമ വൃത്തങ്ങളില്‍ അസംതൃപ്തിയുണ്ട്.