50% വിവി പാറ്റ് പരിശോധിക്കണം പ്രതിപക്ഷ പാര്‍ട്ടികള്‍

തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു.

ന്യൂഡല്‍ഹി: പൊതുതെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ 50% വിവിപാറ്റ് എണ്ണിതിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ തെരഞ്ഞടുപ്പ് ഫലം പ്രഖ്യപിക്കാവൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറെ കണ്ടു. ഇന്നലെ ഡല്‍ഹിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നേതാക്കള്‍ ആവശ്യം മുന്നോട്ട് വച്ചത്. വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കപ്പെടുന്നുണ്ടെന്ന് വിവിധ കോണുകളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു.
ഈ പാശ്ചാത്തലത്തിലാണ് പതിനാറോളം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുമായും. മറ്റ് അംഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തിയത്.

ഈയിടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ പോലും വോട്ടിങ് മെഷീനില്‍ വ്യാപകമായ രീതിയിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകളെന്നും, ഇത് തടയുന്നതില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ പരാജയമാണന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷന് സമര്‍പ്പിച്ച നിവേദനത്തില്‍ ആരോപിക്കുന്നു.

രാജ്യത്തെ ജനങ്ങളില്‍ തെരഞ്ഞടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം വീണ്ടെടുക്കാനായി തെരഞ്ഞടുപ്പ് കമ്മീഷന്‍ പേപ്പര്‍ ബലറ്റുകള്‍ എണ്ണി നോക്കി മെഷീനില്‍ കാണിക്കുന്ന ആകെ വോട്ടുകളുമായി തുല്ല്യമാണോ എന്ന് പരിശോധിക്കണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ്മ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്ര ബാബു നായിഡു, മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം.പി, ഡെരക് ഒബ്രിയാന്‍ (തൃണമുല്‍ കോണ്‍ഗ്രസ്) രാംഗോപാല്‍ യാദവ് (സമാജ് വാദി പാര്‍ട്ടി) സതീഷ് ചന്ദ്ര മിശ്ര (ബിഎസ്പി) ഉമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്) മുഹമ്മദ് സലീം (സിപിഐഎം) മനോജ് ഝാ (ആര്‍ജെഡി) സഞ്ജയ് സിങ് (ആംആദ്മി പാര്‍ട്ടി) ഡി രാജ (സിപിഐ), ഡാനിഷ് അലി (ജനദാദള്‍ എസ്) ബദറുദ്ദീന്‍ അജ്മല്‍ (എഐയുഡിഎഫ്) കെ.ജി കെനിയെ (എന്‍പിഎഫ്) എന്നീ നേതാക്കളാണ് പ്രതിപക്ഷ സംഘത്തിലുണ്ടായിരുന്നത്.