സംസ്ഥാനത്ത് പോലീസ് രാജ്; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: അടിന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലീസ് അതിക്രമങ്ങളും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് അടിന്തരപ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് തിരുവഞ്ചൂര്‍ പറഞ്ഞു.

പോലീസിന്റെ ഔദ്യോഗിക ഭാഷ അസഭ്യമാണോയെന്ന് തിരുവഞ്ചൂര്‍ ചോദിച്ചു. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചതുപോലെ തെറി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പോലീസിന്റെ കിരാത ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

മലപ്പുറത്ത് മുതിര്‍ന്ന പൗരന്റെ മൂക്ക് ഇടിച്ചു തകര്‍ത്ത സംഭവം, കോട്ടയം ഈരാറ്റുപേട്ടയില്‍ വാഹന പരിശോധനക്കിടെ എസ്.ഐ നടത്തിയ അസഭ്യവര്‍ഷം തുടങ്ങി പോലീസിന്റെ അതിക്രമങ്ങള്‍ സൂചിപ്പിക്കുന്ന ആറ് കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

SHARE